ജില്ലയിലെ രക്തബാങ്കുകളിൽ കടുത്ത രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് ആരംഭിച്ചു
കാസർകോട് : ജില്ലയിലെ രക്തബാങ്കുകളിൽ കടുത്ത രക്തക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ രക്തദാന സേനയായ ഐ ഡൊണേറ്റിന്റെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് ആരംഭിച്ചു. ആദ്യ ദിനത്തിൽ കാഞ്ഞങ്ങാട്ടെ രക്ത ബാങ്കിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലെ പ്രവർത്തകർ രക്തം ദാനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം വി ഗിനീഷ്, ബ്ലോക്ക് സെക്രട്ടറി സുജിത്ത് മോനാച്ച, നിതിൻ കുശാൽനഗർ, ഡോ. സിദ്ധാർഥ് രവീന്ദ്രൻ, സുബിൻ നിലാങ്കര എന്നിവർ രക്തദാനം നടത്തി നേതൃത്വം നൽകി.ചൊവ്വാഴ്ച നീലേശ്വരം ബ്ലോക്കിലെ പ്രവർത്തകർ രക്തദാന നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ തൃക്കരിപ്പൂർ, ചെറുവത്തൂർ, പനത്തടി, എളേരി ബ്ലോക്കുകൾ രക്തം ദാനം ചെയ്യും. 19ന് ചെറുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ചീമേനിയിൽ നൂറ് ദാതാക്കളെ പങ്കെടുപ്പിച്ച് ക്യാമ്പ് സംഘടിപ്പിക്കും.കാസർകോട് ബ്ലഡ് ബാങ്കിൽ ചൊവ്വാഴ്ച ഉദുമ ബ്ലോക്കിലെ പ്രവർത്തകർ രക്തം ദാനം ചെയ്യും. ബേഡകം, കാറഡുക്ക, കാസർകോട്, കുമ്പള, മഞ്ചേശ്വരം ബ്ലോക്കുകൾ തുടർന്നുള്ള ദിവസങ്ങളിൽ പങ്കാളികളാകും. ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തതിനുള്ള സംസ്ഥാന പുരസ്കാരം തുടർച്ചയായി ഡിവൈഎഫ്ഐ ഏറ്റുവാങ്ങിയിട്ടുണ്ട്. രക്തക്ഷാമം
രൂക്ഷമായതോടെയാണ് തുടർച്ചയായ ക്യാമ്പിന് നേതൃത്വം നൽകുന്നത്. സന്നദ്ധ രക്ത ദാനത്തിനായി മുഴുവൻ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന്
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഷാലുമാത്യുവും സെക്രട്ടറി രജീഷ് വെള്ളാട്ടും അഭ്യർഥിച്ചു.
No comments