Breaking News

മഞ്ചേശ്വരം, തൂമിനാട്ടെ ഇരട്ടക്കൊല: ഭാവഭേദങ്ങളില്ലാതെ പ്രതി ഉമ്മർ ഫാറൂഖ്; കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്


കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തൂമിനാട്, ഹിൽടോപ്പ് നഗറിൽ മകളെയും ഭാര്യയുടെ സഹോദരി ഭർത്താവിനെയും കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ ഉമ്മർ ഫാറൂഖിനെ കസ്റ്റഡിയിൽ വാങ്ങിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി രണ്ടു ദിവസത്തിനകം കോടതിയിൽ അപേക്ഷ നൽകുമെന്ന് കേസന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ പി അജിത്ത് കുമാർ വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബപ്രശ്നം പറഞ്ഞു തീർക്കാനായി ഭാര്യ സഹോദരിയുടെ ഭർത്താവായ ഷേക്കുഞ്ഞിയുടെ വീട്ടിൽ എത്തിയതായിരുന്നു ഉമ്മർ ഫാറൂഖ്. ഇതിനിടയിൽ പ്രകോപിതനാവുകയും അരയിൽ ഒളിപ്പിച്ചു വച്ചിരുന്ന പുതിയ കത്തിയെടുത്ത് അക്രമിക്കുകയുമായിരുന്നുമെന്ന് മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഷേക്കുഞ്ഞിയെ ആക്രമിക്കുവാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് മകൾ ജുമൈലയുടെ കഴുത്തിനും വയറ്റിനും കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ജുമൈല മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തും മുമ്പും ഷേക്കുഞ്ഞി ചൊവ്വാഴ്ച രാവിലെ ചികിത്സയ്ക്കിടയിലുമാണ് മരണപ്പെട്ടത്. കൊല നടത്തിയ ഉമ്മർ ഫാറൂഖിനെ സംഭവ സ്ഥലത്തു നിന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തുവെങ്കിലും ഇരട്ടക്കൊലപാതകത്തിന്റെ വിശദാംശങ്ങൾ തുറന്നു പറയാൻ പ്രതി തയ്യാറായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. ഒരേസമയം ഭാര്യയെയും മകളെയും തനിക്ക് കുടുംബ സ്വത്തായി കിട്ടിയ വസ്തുവും നഷ്ടപ്പെടുമെന്ന ഭീതിയാണ് പ്രകോപനത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. ഇതു പൂർണ്ണമായും വിശ്വസിക്കുവാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതി പുതിയ കത്തി വാങ്ങിയാണ് മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയത്. അക്രമം നടത്താൻ മുൻകൂട്ടി തീരുമാനിച്ചുവെന്ന സൂചനയാണ് കത്തിവാങ്ങിയതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനായി പ്രതിയെ കസ്റ്റഡിയിലെടുക്കും. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം ഇരട്ടക്കൊലപാതകം നടന്ന വീട്, കത്തി വാങ്ങിയ കട എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും. അതേസമയം ജുമൈലയുടെയും ഷേക്കുഞ്ഞിയുടെയും മരണകാരണം സംബന്ധിച്ച് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട് പൊലീസിനു ലഭിച്ചു. ഹൃദയധമനിയിൽ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് ജുമൈലയുടെ മരണത്തിനു ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. വലതു തുടയിൽ ആഴത്തിൽ കത്തിയിറങ്ങി പ്രധാന രക്തക്കുഴലുകൾ മുറിഞ്ഞ് രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് ഷേക്കുഞ്ഞിയുടെ മരണത്തിനു ഇടയായതെന്നു റിപ്പോർട്ടിൽ പറയുന്നു.


No comments