കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴിയ്ക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ ഇത് 'നമ്മുടെ കാസ്രോഡി'നുള്ള അംഗീകാരം
കാഞ്ഞങ്ങാട് ദേശീയ പൈതൃക ഇടനാഴിയ്ക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത് നമ്മുടെ കാസ്രോഡ് പരിപാടിക്കുള്ള അംഗീകാരം കൂടിയായി ജില്ലാഭരണ സംവിധാനവും പൊതുജനങ്ങളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ജില്ലക്ക് ലഭിച്ച നേട്ടമാണ് ഇതെന്ന് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലാ കളക്ടര്‍ ആവഷ്‌ക്കരിച്ച സവിശേഷ പദ്ധതികളിലൊന്നായ നമ്മുടെ കാസ്രോഡ് പ്രതിവാര ജനസമ്പര്‍ക്ക പരിപാടിയില്‍ കാഞ്ഞങ്ങാട് അതിയാമ്പൂര്‍ സ്വദേശി കെ. പ്രസേനന്‍ നല്‍കിയ നിവേദനമാണ് പൈതൃക ഇടനാഴി എന്ന ആശയത്തിലേക്ക് നയിച്ചത്. നിവേദനം പരിഗണിച്ച് ജില്ലാകളക്ടര്‍ പ്രസേനനുമായി സംവദിച്ചു. നിര്‍ദ്ദിഷ്ട പദ്ധതി പ്രദേശം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, ടൂറിസം വകുപ്പ് പ്രതിനിധികള്‍, കാഞ്ഞങ്ങാട് അജാനൂര്‍ എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശിച്ചു. പ്രദേശവാസികളുമായി ചര്‍ച്ച നടത്തി. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്യ സമരസേനാനികളായ എ.സി.കണ്ണന്‍ നായര്‍, കെ. മാധവന്‍, വിദ്വാന്‍ പി.കേളുനായര്‍ സാംസ്‌കാരിക രംഗത്തെ അതുല്യ പ്രതിഭകള്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍, രസിക ശിരോമണി കോമന്‍ നായര്‍, വിദ്വാൻ കെ കെ നായർ ലോകപ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ എന്നിവരുടെ കര്‍മഭൂമിയിലൂടെ കടന്നുപോകുന്ന പാതയെ ദേശീയ പൈതൃക ഇടനാഴിയായി വികസിപ്പിക്കുന്ന പദ്ധതിയാണിത്.
ബേക്കൽ ക്ലബിൽ സംഘടിപ്പിച്ച മുഖ്യമന്ത്രിയുമായുള്ള മുഖാമുഖം പരിപാടിയില്‍ ഈ വിഷയം ഉന്നയിക്കുകയും അദ്ദേഹം അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ കേരള നിയമസഭയിലും ജില്ലാ വികസന സമിതിയോഗത്തിലും ഈ വിഷയം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൈതൃക ഇടനാഴി പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ 2026 ജനുവരി 29 ന്റെ ബജറ്റ് പ്രസംഗത്തില്‍ ഒരു കോടി രൂപയാണ് പദ്ധതി വകയിരുത്തിയിട്ടുള്ളത്. ഇത് നമ്മുടെ കാസ്രോഡ് എന്ന സവിശേഷ പദ്ധതിയ്ക്ക് ലഭിച്ച അംഗീകാരം കൂടിയാണെന്ന് ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. നവീനമായ ആശയങ്ങള്‍ ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിച്ചവരുമായി എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ നേരിട്ട് സംവദിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ് പരിപാടി. 'ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് പരിപാടിയുടെ നോഡല്‍ ഓഫീസര്‍. പദ്ധതിയുടെ ഭാഗമായി ഇതുവരെ പതിനഞ്ച് സംവാദങ്ങള്‍ സംഘടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
No comments