വേനൽചൂട് കനത്തതോടെ മലയോരത്തെ കാടുകളിൽനിന്ന് പാമ്പുകൾ ജനവാസകേന്ദ്രങ്ങളിലെത്തുന്നത് പതിവാവുന്നു
രാജപുരം : വേനൽചൂട് കനത്തതോടെ കാടുകളിൽനിന്ന് പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നു. രാജവെമ്പാല, മൂർഖൻ, അണലി, പെരുമ്പാമ്പ് ഉൾപ്പെടെയുള്ള പാമ്പുകളാണ് ചൂടു കൂടിയതോടെ നാട്ടിടങ്ങളിലേക്ക് എത്താൻ തുടങ്ങിയത്. വർധിച്ചുവരുന്ന പരിസ്ഥിതി മാറ്റങ്ങളും, അടിക്കാടുകളുടെ കുറവും അതുവഴി ഭക്ഷണലഭ്യത കുറയുന്നതും, വനനശീകരണവുമെല്ലാമാണ് കാരണം. വെള്ളവും തണുപ്പുംതേടിയാണ് വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും രാജവെന്പാല പോലുള്ള പാന്പുകൾ എത്തുന്നത്. പനത്തടി, കള്ളാർ പഞ്ചായത്തുകളിലാണ് പാമ്പുശല്യം വർധിച്ചിരിക്കുന്നത്. ഒരു മാസത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരും, പാമ്പുപിടുത്തക്കാരും നിരവധി പാമ്പുകളെയാണ് പിടികൂടിയത്. വീടുകളിലെ തണുപ്പേറിയ സ്ഥലങ്ങളിലാണ് പാമ്പുകൾ വന്നുകൂടുന്നത്. വനാതിർത്തികളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ജനവാസ കേന്ദ്രങ്ങളിൽ എത്തുന്ന പാമ്പുകളെ പിടികൂടി ആൾതാമസം ഇല്ലാതെ ദൂരസ്ഥലങ്ങളിലെ കാടുകളിൽ കൊണ്ടുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം പാണത്തൂർ പുത്തൂരടക്കം ഗഡിക്കാൽ ബിജുവിന്റെ വീട്ടിലെ ബാത്ത്റൂമിൽനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടിയിരുന്നു. റവർ റെജി, ശരത്ത് ബിഎഫ്ഒമാരായ വിനീത്, പ്രവീൻ, വിമൽ തുടങ്ങിയവരാണ് പാമ്പിനെ പിടികൂടിയത്.
No comments