Breaking News

പ്രഥമ കുടുംബശ്രീ ട്രൈബൽ സോക്കർ ലീഗിൽ വടക്കൻ കരുത്തുമായി കാസർകോട്. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടങ്ങളിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം ചൂടിയാണ് കാസർകോട് ചരിത്രം കുറിച്ചത്


കല്പറ്റ: വയനാടൻ കുന്നുകളെ സാക്ഷിയാക്കി നടന്ന പ്രഥമ കുടുംബശ്രീ ട്രൈബൽ സോക്കർ ലീഗിൽ വടക്കൻ കരുത്തുമായി കാസർകോട്. മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടങ്ങളിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം ചൂടിയാണ് കാസർകോട് ചരിത്രം കുറിച്ചത്. ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ നീണ്ടുനിന്ന ടൂർണമെന്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ഗോത്ര ടീമുകളാണ് മാറ്റുരച്ചത്.

വനിതാ വിഭാഗം ഫൈനലിൽ മലപ്പുറത്തിന്റെ പോരാട്ടവീര്യത്തെ മറികടന്നാണ് കാസർകോട് പെൺപട കിരീടം ഉയർത്തിയത്. പുരുഷന്മാരുടെ ഫൈനലിൽ ഗാലറിയുടെ പിന്തുണയുമായെത്തിയ വയനാടിനെ കാസർകോട് നിഷ്പ്രഭമാക്കി. ഗോത്രമേഖലയിലെ കായിക പ്രതിഭകളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിച്ച ടൂർണമെന്റ് മികച്ച സംഘാടനം കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. കായിക നേട്ടങ്ങൾക്കൊപ്പം കുടുംബശ്രീയുടെ പുത്തൻ കാൽവെപ്പുകൾക്കും വേദി സാക്ഷിയായി.ഗോത്രമേഖലയിലെ തനത് കലാരൂപങ്ങളെ കോർത്തിണക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി നിർവഹിച്ചു.

കുടുംബശ്രീയുടെ മൃഗസംരക്ഷണ സംരംഭകർ ഉല്പാദിപ്പിക്കുന്ന ബ്രാൻഡഡ് കോഴിമുട്ടകളുടെ ലോഞ്ചിംഗും ഇതോടൊപ്പം നടന്നു.

ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ പ്രദീപ് കുമാർ പി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ആർ.ഒ ഡോ. അഞ്ചൽ കൃഷ്ണകുമാർ, മുൻ പ്രോഗ്രാം ഓഫീസർ ഡോ. ബി ശ്രീജിത്ത്, ജില്ലാ മിഷൻ കോർഡിനേറ്റർമാരായ രതീഷ് കുമാർ (കാസർകോട്), സുരേഷ് കുമാർ (മലപ്പുറം) എന്നിവർ സംസാരിച്ചു.


ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ. റഫീക്ക്, വയനാട് അസിസ്റ്റന്റ് കോർഡിനേറ്റർമാരായ സലീന കെ.എം, അമീൻ കെ.കെ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഡാനിയേൽ എം. ലിബിനി, പ്രീത ജി. നായർ എന്നിവരും സന്നിഹിതരായിരുന്നു. വയനാട് ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി സ്വാഗതം ആശംസിച്ചു.

No comments