Breaking News

പൊതു തിരഞ്ഞെടുപ്പ് 2026 രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു


ൊതു തിരഞ്ഞെടുപ്പ് 2026ന്റെ ഭാഗമായി ജില്ലയിലെ  പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ഒബ്‌സര്‍വര്‍ വിജയ് ബാലകൃഷ്ണ വാഗ്മറെ,  കാസര്‍കോട് മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളിലെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ നിശാന്ത് അഗര്‍വാള്‍ ഐ.ആര്‍.എസ് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായ അജയ് കുമാര്‍ താഡിയ ഐ.ആര്‍.എസ് എന്നിവര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുമായി സംസാരിച്ചു. 

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ‘വീട്ടിലെ വോട്ട് ‘സേവനത്തിലൂടെ ജില്ലയിൽ 6810 പേർ വീട്ടിൽ നിന്നും വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാർക്കും 85 ന് മുകളിൽ പ്രായമുള്ളവർക്കുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കുന്നത്.

ജില്ലയിൽ ആകെ 10,075 പേർക്ക് 12D ഫോമുകൾ വിതരണം ചെയ്തു. 7,222 പേർ വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച് ഫോം പൂരിപ്പിച്ച് തിരികെ നൽകി. ഇതിൽ സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിട്ടേണിംഗ് ഓഫീസർമാർ  6810 പേരുടെ അപേക്ഷകൾ  അംഗീകരിച്ചു. 85 വയസ്സ് കഴിഞ്ഞ 3281 പേർക്കും ഭിന്നശേഷിക്കാരായ 3529 പേർക്കുമാണ് വീട്ടിൽനിന്ന്‌ വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.

റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാനാർത്ഥികളെയും അവരുടെ ബൂത്ത് തല ഏജൻറ് മാരെയും സന്ദർശന വിവരം അറിയിച്ച് ആയിരിക്കും വീട്ടിൽ നിന്ന്  വോട്ട് രേഖപ്പെടുത്തുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25 ഉം കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.

വോട്ടിങ് മെഷീനുകള്‍ വിവിധ നിയോജക മണ്ഡലങ്ങളുടെ സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇനി രണ്ടാം ഘട്ട റാണ്ടമൈസേഷന്‍ കമ്മീഷനിങ്ങിന് മുന്നേ നടത്തും. പോളിങ് ഓഫീഷ്യല്‍സിന്റെ ഒന്നാ ഘട്ട റാണ്ടമൈസേഷന്‍ നടത്തി. പരിശീലനങ്ങള്‍ നടന്നു വരികയാണ്. ഓക്‌സിലറി ബൂത്ത് അധികമായി അഞ്ചെണ്ണം ലഭിച്ചിട്ടുണ്ട്. ഇതോടെ 1146 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ഉള്ളത്.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എ എന്‍ ഗോപകുമാര്‍, മഞ്ചേശ്വരം നിയോജകമണ്ഡലം വരണാധികാരിയായ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ വി.പി രഘുമണി, കാസര്‍കോട് നിയോജകമണ്ഡലം വരണാധികാരിയായ കാസര്‍കോട് ആര്‍.ഡി.ഒ ബിനു ജോസഫ്, തിരഞ്ഞെടുപ്പ്  നോഡല്‍ ഓഫീസര്‍മാരായ വി.ചന്ദ്രന്‍, ഓഫീസര്‍ ടി.ടി സുരേന്ദ്രന്‍, എല്‍.എ (എന്‍.എച്ച് )സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ പി.ഉദയകുമാര്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ഹാരിസ് ചൂരി, എം.കുഞ്ഞമ്പു നായര്‍,വി രാജന്‍, കെ.എ.എം ഹനീഫ, പി.രമേശ് എന്നിവര്‍ പങ്കെടുത്തു.

No comments