Breaking News

കള്ളാർ എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കിയ "മൊഴിക്കിലുക്കം" സ്വതന്ത്ര രചന പതിപ്പ് പ്രകാശനം ചെയ്തു


കള്ളാർ : കള്ളാർ എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ സ്വതന്ത്ര രചന പതിപ്പ് "മൊഴികിലുക്കം" സ്കൂൾ മാനേജർ പി സുബൈർ പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീമതി മിസ്രിയ അധ്യക്ഷത വഹിച്ചു. സ്കൂളിലെ ഒന്നാം ക്ലാസിലെ 11 കുട്ടികൾ ജൂൺ മാസം മുതൽ മാർച്ച് മാസം വരെ പഠിച്ച പാഠഭാഗങ്ങളെ ആസ്പദമാക്കിയും, പ്രകൃതി സംബന്ധിയായ വിഷയങ്ങൾ ഉൾപ്പെടുത്തിയുമാണ് രചനകൾ തയ്യാറാക്കിയത്. 23 പേജുള്ള പുസ്തകത്തിൽ പൂമ്പാറ്റയെ കുറിച്ചും, പക്ഷികളെ കുറിച്ചും, മഴവില്ലിനെ കുറിച്ചുമുള്ള കുഞ്ഞുമനസ്സുകളുടെ ചിന്തകളും, സ്വപ്നങ്ങളും, അവയെ കുറിച്ചുള്ള പാട്ടുകളും കുഞ്ഞുങ്ങളുടെ രചനയിൽ കാണാം. കൂടാതെ അവർ വായിച്ച പുസ്തകത്തെക്കുറിച്ചുള്ള വിവരണം, അവരുടേതായ കുഞ്ഞു വർത്തമാനങ്ങൾ, കാർട്ടൂൺ ഡയറി, കുട്ടികളുടെ സംയുക്ത ഡയറി ഇതൊക്കെ ഉൾപ്പെട്ടതാണ് മൊഴി കിലുക്കം. കുട്ടികളുടെ രചനയിൽ  പ്രോത്സാഹനവുമായി അധ്യാപകരും കൂടെയുണ്ടായിരുന്നു. പ്രകാശന ചടങ്ങിന് പ്രഥമാധ്യാപകൻ റഫീഖ് എ, അധ്യാപകരായ കുഞ്ഞബ്ദുള്ള പി, ആശ എൻ , അതുല്യചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. ബിനയ മാത്യു സ്വാഗതവും സുമ എം. വി നന്ദിയും പറഞ്ഞു.


No comments