വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട് സേവനത്തിലൂടെ ജില്ലയിൽ 6810 പേർ വീട്ടിൽനിന്നും വോട്ട് രേഖപ്പെടുത്തും...
കാസർകോട് : തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിദായകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്ന 'വീട്ടിലെ വോട്ട് സേവനത്തിലൂടെ ജില്ലയിൽ 6810 പേർ വീട്ടിൽനിന്നും വോട്ട് രേഖപ്പെടുത്തും. ഭിന്നശേഷിക്കാർക്കും 85ന് മുകളിൽ പ്രായമുള്ളവർക്കുമാണ് അവസരമൊരുക്കുന്നത്.ജില്ലയിൽ 10,075 പേർക്ക് 12ഡി ഫോമുകൾ വിതരണം ചെയ്തു. 7,222 പേർ വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ച് ഫോം നൽകി. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം റിട്ടേണിങ് ഓഫീസർമാർ 6810 പേരുടെ അപേക്ഷകൾ അംഗീകരിച്ചു. 85 വയസ്സ് കഴിഞ്ഞ 3281 പേർക്കും ഭിന്നശേഷിക്കാരായ 3529 പേർക്കുമാണ് വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചത്.ജില്ലയിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽപേർ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നത്. 1675 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. തൃക്കരിപ്പൂർ മണ്ഡലത്തിൽ 1673 പേരും ഉദുമയിൽ 1559 പേരും മഞ്ചേശ്വരത്ത് 1004 പേരും കാസർകോട് 899 പേരും വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തും. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, പൊലീസ് ഉദ്യോഗസ്ഥൻ, ബൂത്ത് ലെവൽ ഓഫീസർ എന്നിവരടങ്ങുന്ന സംഘമാണെത്തുക. റാൻഡമൈസേഷൻ നടത്തിയാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. റൂട്ട് മാപ്പ് തയ്യാറാക്കി ബന്ധപ്പെട്ട സ്ഥാനാർത്ഥികളെയും അവരുടെ ബൂത്ത് തല ഏജന്റുമാരെയും സന്ദർശന വിവരം അറിയിച്ചായിരിക്കും വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തുന്നതെന്ന് കലക്ടർ പറഞ്ഞു. ഇതിനായി കാഞ്ഞങ്ങാടും തൃക്കരിപ്പൂരും 30 വീതവും ഉദുമയിൽ 25 ഉം കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ 17 വീതവും പോളിങ് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിങ് മെഷീനുകൾ വിവിധ നിയോജക മണ്ഡലങ്ങളുടെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റി. ഇനി രണ്ടാം ഘട്ട റാൻഡമൈസേഷൻ കമീഷനിങ്ങിന് മുന്നേ നടത്തും. പോളിങ് ഓഫീഷ്യൽസിന്റെ ഒന്നാഘട്ട റാൻഡമൈസേഷൻ നടത്തി. പരിശീലനങ്ങൾ നടന്നു വരികയാണ്. ഓക്സിലറി ബൂത്ത് അധികമായി അഞ്ചെണ്ണം ലഭിച്ചിട്ടുണ്ട്. ഇതോടെ 1146 പോളിങ് സ്റ്റേഷനുകളാണ് ജില്ലയിൽ ഉള്ളത്.
No comments