Breaking News

വേനൽ മഴ ചതിച്ചു ചീമേനി കാക്കടവ്‌ തടയണക്ക്‌ സമീപം തേജസ്വിനിപ്പുഴ വറ്റിയനിലയിൽ ആശങ്കയിൽ കയ്യൂർ ചീമേനി പഞ്ചായത്ത് നിവാസികളും ഏഴിമല നേവൽ അക്കാദമിയും...


ചീമേനി :വേനൽ മഴ ചതിച്ചതോടെ കുടിവെള്ള പദ്ധതികൾക്ക് തിരിച്ചടിയാവുമോ എന്ന ആശങ്കയിലാണ് കുടിവെള്ള പദ്ധതിയെ ആശ്രയിച്ച് കഴിയുന്ന കയ്യൂർ ചീമേനി പഞ്ചായത്ത് നിവാസികളും ഏഴിമല നേവൽ അക്കാദമിയും. തേജസ്വിനി പുഴയിൽ കാക്കടവ് നിർമിച്ച തടയണയുടെ ഭാഗമായി രണ്ട് കുടിവെള്ള പദ്ധതികളാണ് ഒരുക്കിയിരുന്നത്. കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പദ്ധതിയും നേവൽ അക്കാദമിയുടെ കുടിവെള്ള പദ്ധതിയുമാണ് ഇവിടെ സ്ഥിതിചെയ്യുന്നത്. പഞ്ചായത്ത് കുടിവെള്ള പദ്ധതിയിൽനിന്നും പഞ്ചായത്ത് പരിധിയിൽ ഉള്ള കുടുംബങ്ങൾക്കാണ് കുടിവെള്ളം പൈപ്പ് മുഖേന വിതരണം ചെയ്യുന്നത്. കൂടാതെ സമീപപ്രദേശങ്ങളിലെ അഞ്ചോളം പഞ്ചായത്തിലും ടാങ്കർ ലോറി വഴി വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നുണ്ട്. നേവൽ അക്കാദമിയുടെ പദ്ധതിയാണ് രണ്ടാമതായി ഉള്ളത്. ഇതിൽനിന്നും പെരിങ്ങോം സിആർപിഎഫ്, എട്ടിക്കുളം രാമന്തളി പഞ്ചായത്ത്, നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് വെള്ളം നൽകുന്നു. വേനൽമഴ ലഭിക്കാതായതോടെ കാക്കടവിൽ വെള്ളംവറ്റി. ഡാമിൽ മണ്ണ് അടിഞ്ഞ് കൂടുന്നതും സംഭരണത്തിന്റെ അളവ് കുറയാൻ കാരണമാകുന്നു. ഇനിയും വേനൽ മഴ ലഭിച്ചില്ലെങ്കിൽ കാക്കടവുള്ള കുടിവെള്ള പദ്ധതി വഴി ലഭ്യമാക്കുന്ന വെള്ളം ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയതാൽ മാത്രമേ ആവശ്യാനുസരണം ജലം ശേഖരിക്കാൻ പറ്റുകയുള്ളുവെന്ന് നാട്ടുകാരും പറയുന്നു. കൂടാതെ പാർശ്വ ഭിത്തികളും കൂടി പണിതാൽ വെള്ളം പുറത്തേക്കൊഴുകുന്നതും തടയാനാകും. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. സ്ഥിരം തടയിണയില്ലാത്തതിനാൽ ഡിവൈഎഫ്ഐ നടത്തിയ സമരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാക്കടവിൽ സ്ഥിരം തടയണ യാഥാർഥ്യമാക്കിയത്. എം രാജഗോപാലൻ എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി 90 മീറ്റർ നീളവും 4.5 മീറ്റർ വീതിയിലും 10 കോടി രൂപ ചിലവഴിച്ചാണ് തടയണ യാഥാർഥ്യമാക്കി കുടിവെള്ള വിതരണത്തിന് പരിഹാരം കണ്ടെത്തിയത്.

No comments