Breaking News

വർണച്ചിറകുകളുടെ കൂട്ടുകാരി.. വേനലവധിക്കാലത്ത് കളിച്ചുനടക്കാൻ നേരമില്ല ക്യാമറയുമായി പക്ഷികളെത്തേടിയുള്ള യാത്രയിലാണ് നെഹാരിക...


കാസർകോട്: വേനലവധിക്കാലത്ത് കളിച്ചുനടക്കാൻ നെഹാരികയ്ക്ക് നേരമില്ല. ക്യാമറയുമായി പക്ഷികളെത്തേടിയുള്ള യാത്രയിലാണ് അവൾ. ബേള സെന്റ് ബർത്തലോമിയോസ് എയ്ഡഡ് സീനിയർ ബേസിക് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് ഡി നെഹാരിക. നാലാംക്ലാസിൽ പഠിക്കുമ്പോഴാണ് പക്ഷി നിരീക്ഷണം തുടങ്ങിയത്. പാഠപുസ്തകത്തിൽ പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട പാഠഭാഗമുണ്ട്. ഈ പാഠഭാഗം പഠിച്ചപ്പോഴാണ് നെഹാരികയ്ക്ക് പക്ഷികളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ക്ലാസ് അധ്യാപികയായ ബനശങ്കരി അവൾക്ക് പ്രോത്സാഹനവും നൽകി. പക്ഷി നിരീക്ഷണത്തെക്കുറിച്ച് രാജു കിദൂർ സ്കൂളിൽ നടത്തിയ ക്ലാസും പ്രചോദനമായി. രാജു കിട്ടൂർ പക്ഷി നിരീക്ഷണത്തിൽ പിന്നീട് നെഹാരികയ്ക്ക് വഴികാട്ടിയായി. പിന്നീട് നിരവധി പക്ഷി നിരീക്ഷണ ക്യാമ്പുകളിലും അവൾ പങ്കെടുത്തു. നെഹാരികയുടെ നിരീക്ഷണ പാടവം കണ്ടറിഞ്ഞ് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ രക്ഷിതാക്കൾ ഒരു എസ്എൽആർ ക്യാമറ വാങ്ങി നൽകി. ആറ് ഏക്കറോളം വരുന്ന സ്കൂൾ വളപ്പിൽനിന്നാണ് നെഹാരിക പക്ഷി നിരീക്ഷണം തുടങ്ങിയത്. 84 ഇനത്തെ കണ്ടെത്തിയത് സ്കൂൾ വളപ്പിൽനിന്നാണ്. ഇതിനകം 180 ഇനം പക്ഷികളെ നിരീക്ഷിക്കുകയും അവയുടെ ചിത്രമെടുക്കുകയും സവിശേഷത കണ്ടെത്തുകയുംചെയ്തു. ഓരോ പക്ഷിയെയും കണ്ടെത്തി അവയുടെ വിവരങ്ങൾ പുസ്തകത്തിൽ കുറിച്ചിടും. ചില പക്ഷികളെ തിരിച്ചറിയാൻ അധ്യാപകരുടെയും ഈ മേഖലയിലുള്ള ഗവേഷകരുടെ സഹായവും തേടും. എത് പക്ഷിയുടെ ശബ്ദം കേട്ടാലും നെഹാരിക തിരിച്ചറിയും. താൻ പകർത്തിയ പക്ഷികളുടെ ചിത്രങ്ങളും വിശദവിവരങ്ങളും ഉൾക്കൊള്ളിച്ച് പുസ്തകവും തയ്യാറാക്കിയിട്ടുണ്ട്. 'ബേർഡ്സ്, ദി ഹിഡൻ വേൾഡ് ഇൻ ഔർ ക്യാമ്പസ്' (Birds, The Hidden World In Our Campus) എന്നാണ് പുസ്തകത്തിന് പേരിട്ടത്. ഇതു പ്രസിദ്ധീകരിക്കാനുള്ള ഒരുക്കത്തിലാണ്. ബേളയിലെ കർഷകനായ ഗോപാലകൃഷ്ണന്റെയും ചായ്യോത്ത് ഹയർസെക്കൻഡറി സ്കൂൾ ബോട്ടണി അധ്യാപിക ആശാ കിരണയുടെയും മകളാണ് നെഹാരിക.

No comments