Breaking News

സീതാംഗോളിയിൽ പട്ടാപ്പകൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അറസ്റ്റു ചെയ്തു


കാസർകോട്: സീതാംഗോളിയിൽ പട്ടാപ്പകൽ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റു ചെയ്തു. കുമ്പള,നായ്ക്കാപ്പ്, കോട്ടക്കാറിലെ ശ്രീനിവാസ (39) യെ ആണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ ബൈജു .കെ. ജോസ്, എസ്ഐമാരായ സി. സനിത്, അനന്ത കൃഷ്ണൻ ആർ മേനോൻ എന്നിവർ അറസ്റ്റു ചെയ്തത്. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റമാണ് പ്രകോപനത്തിനും കൊലപാതകത്തിനും കാരണമായതെന്നാണ് അറസ്റ്റിലായ ശ്രീനിവാസ മൊഴി നൽകിയതെന്നു പൊലീസ് അറിയിച്ചു. നീർച്ചാൽ, ബാപ്പാലിപ്പൊനം, കുണ്ടിക്കാനയിലെ സഫാഹിദ് എന്ന ഷഫായത്തി(35)നെ ബുധനാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സീതാംഗോളി, ബിവറേജ് ഷോപ്പിനു സമീപത്ത് കെട്ടിടത്തിന്റെ പിൻഭാഗത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് കുമ്പള പൊലീസും ബന്ധുക്കളും സ്ഥലത്തെത്തി. പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. കൊലപാതകത്തിനു ഉപയോഗിച്ച മരവടി സ്ഥലത്തു നിന്നു രക്തം പറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച രാവിലെ ഷഫായത്തും ശ്രീനിവാസയും നിസാര പ്രശ്നത്തെ ചൊല്ലി വാക്കേറ്റം ഉണ്ടായിരുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതകം നടന്നതെന്നു കണക്കു കൂട്ടിയാണ് പൊലീസ് ശ്രീനിവാസയെ കസ്റ്റിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് പ്രതിയുടെ അറസ്റ്റു രേഖപ്പെടുത്തിയതെന്നും കൊലപാതകത്തിനു പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നു അന്വേഷിച്ചുവരുന്നതായും പൊലീസ് കൂട്ടിച്ചേർത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്കു വിട്ടു കൊടുക്കും. പിതാവ്: ഇബ്രാഹിം, മാതാവ്: പരേതയായ ഖദീജ. ഭാര്യ: തബ്സീറ. മക്കൾ: സിനാൻ, തമീസ്, ഷാസിം, ദുവ മെഹഖ്. സഹോദരങ്ങൾ: മുസ്തഫ, കലന്തർ, ലത്തീഫ്, സഹദ്, സലാം, ഉബൈദുള്ള, താഹിറ, ഫൗസിയ, സമീറ.

No comments