Breaking News

നുള്ളിപ്പാടിയിൽ പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയത് കടം നൽകിയ രണ്ടായിരം രൂപ തിരികെ നൽകാത്ത വിരോധത്തിൽ ; പ്രതി പിടിയിൽ


കാസർകോട്: നുള്ളിപ്പാടി ദേശീയപാതയോരത്തെ പണിതു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തിയത് കടം നൽകിയ രണ്ടായിരം രൂപ തിരികെ നൽകാത്ത വിരോധത്തിൽ. പ്രതിയായ കർണ്ണാടക, ധാർവാഡ്,കുന്ദഗോൽ സ്വദേശിയായ എച്ച് മഞ്ജുനാഥ എന്ന മഞ്ചപ്പ (45)യെ അറസ്റ്റു ചെയ്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിനു ഇടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തത ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് മഞ്ജുനാഥയെ കാസർകോട് പൊലീസ് കർണ്ണാടകയിൽ വച്ച് പിടികൂടിയത്. മാർച്ച് 10ന് രാത്രിയിലാണ് കർണ്ണാടക,ഗദക് സ്വദേശിയായ ചന്ദ്രശേഖർ സുരേഷ് പട്ടാടി (38)നെ നുള്ളിപ്പാടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കാനായി എടുത്ത വലിയ കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തലയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നു വ്യക്തമായിരുന്നു. സംഭവത്തിനു ശേഷം മഞ്ജുനാഥ സ്ഥലം വിട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ് മഞ്ചുനാഥ. വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

No comments