Breaking News

അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സുള്ള്യയിൽ കിണറ്റിൽ വീണ കാട്ടാനയെ സാഹസികമായി രക്ഷപ്പെടുത്തി


സുള്ള്യ: വനാതിർത്തിയോട് ചേർന്നുള്ള ജനവാസ മേഖലയിൽ വെള്ളമില്ലാത്ത കിണറ്റിൽ വീണ കാട്ടാനയെ വനം വകുപ്പ് അധികൃതർ സാഹസികമായി രക്ഷപ്പെടുത്തി. സുള്ള്യയ്ക്ക് സമീപം കൽചർപ്പെയിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വനത്തിൽ നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങിയ ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന ആനയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം രക്ഷാപ്രവർത്തനം ആരംഭിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് ആനയ്ക്ക് കയറി വരാൻ വഴിയൊരുക്കുകയായിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ പുറത്തെത്തിക്കാനായത്.

കിണറ്റിൽ നിന്നും പുറത്തെത്തിയ ആന പെട്ടെന്ന് ജനവാസ കേന്ദ്രത്തിന് നേരെ ഓടിയത് പ്രദേശത്ത് കുറച്ചുനേരം പരിഭ്രാന്തി പരത്തി. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും ബഹളം വെച്ചും ആനയെ സുരക്ഷിതമായി കാട്ടിലേക്ക് തുരത്തി.
ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. വി. കരികാലൻ, ഡപ്യൂട്ടി കൺസർവേറ്റർ അന്തോണി മാരിയപ്പ, അസിസ്റ്റന്റ് കൺസർവേറ്റർ പ്രശാന്ത് കുമാർ പൈ, റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ ബി.എം. കിരൺ, വിമൽ ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.






No comments