നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ സർവീസ് റോഡിൽ അപകടം പതിവാകുന്നു ; ചരക്ക് ലോറി ഓവുചാലിന്റെ സ്ലാബ് തകർന്ന ഭാഗത്ത് താഴ്ന്നു
നീലേശ്വരം : ദേശീയപാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ ഏർപ്പെടുത്തിയ സർവീസ് റോഡിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം പൊലീസ് സ്റ്റേഷന് സമീപത്ത് ചരക്ക് ലോറി ഓവുചാലിന്റെ സ്ലാബ് തകർന്ന ഭാഗത്ത് താഴ്ന്നു. ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു. നിലവാരമില്ലാത്ത പ്രീകാസ്റ്റ് കോൺക്രീറ്റ് ബോക്സുകൾ ഉപയോഗിച്ചാണ് പലയിടത്തും ഓവുചാൽ നിർമിച്ചത്. ഇവ ഭാവിയിൽ തകരാൻ സാധ്യതയുമുണ്ട്. റോഡരികിൽ സ്ലാബ് ഇടാത്ത ഭാഗത്തും അപകടങ്ങൾ പതിവാണ്. ആദ്യമഴയിൽ തന്നെ റോഡരികിനോട് ചേർന്ന് ചെളി രൂപപ്പെട്ടിരുന്നു. ഇതിലേക്കാണ് ലോറി താഴ്ന്നതും. പൊലീസ് സ്റ്റേഷന് സമീപം ഒരു വർഷമായി നൈജ് പൊട്ടിക്കിടക്കുകയായിരുന്നു. ഇതൊക്കെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് നഗരസഭ കൗൺസിലർ ഇ ഷജീർ പറഞ്ഞു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് നിർമിച്ച ഓവുചാലിന്റെ സ്ലാബകർന്ന് പലയിടത്തും കുഴിരൂപപ്പെട്ടു. പലയിടത്തും കുഴി കാണാതിരിക്കാൻ ഇരുമ്പ് ഷീറ്റുവച്ച് മറച്ചിരിക്കുകയാണ്. നീലേശ്വരം പൊലിസ് സ്റ്റേഷനുമുന്നിൽ സർവീസ് റോഡിൽ കദളിക്കുളം റോഡ് ജങ്ഷനിലാണ് പുതുതായി നിർമിച്ച ഓവുചാലിന്റെ സ്ലാബ് തകർന്ന് കുഴിരൂപപ്പെട്ടത്. കുഴി കാണാതിരിക്കാൻ ഇരുമ്പുഷീറ്റ് വെച്ചതിനാൽ കുഴിയാണെന്ന് അറിയാതെ വാഹനങ്ങൾ കയറി അപകടത്തിനിടയാക്കും. നിർമാണത്തിലെ ക്രമക്കേടാണ് ഓവുചാലിന്റെ സ്ലാബ് തകരാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.
No comments