ഓവുചാൽ നിർമാണപ്രവൃത്തിക്കായി കേവലം അഞ്ചുദിവസേത്തേക്ക് അടച്ചിട്ട റോഡ് 12 ദിവസം പിന്നിട്ടിട്ടും തുറന്നില്ല ; മാവുങ്കാലിൽ യാത്ര ദുരിതം
മാവുങ്കാൽ : ഓവുചാൽ നിർമാണപ്രവൃത്തിക്കായി കേവലം അഞ്ചുദിവസേത്തേക്ക് അടച്ചിട്ട റോഡ് 12 ദിവസം പിന്നിട്ടിട്ടും തുറന്നില്ല. മാവുങ്കാൽ ടൗണിൽ ദേശീയപാത സർവീസ് റോഡിൽ നവീകരണത്തിനായി കഴിഞ്ഞമാസം 24-ന് തുടങ്ങിയ നിർമാണപ്രവൃത്തിയാണ് അനിശ്ചിതമായി നീളുന്നത്.
നിലവിലുള്ള നിർമാണ പുരോഗതി വിലയിരുത്തിയാൽ ഇനിയും റോഡ് തുറക്കാൻ ആഴ്ചകളെടുക്കമെന്ന് ഉറപ്പാണ്. റോഡ് അടച്ചിട്ടതോടെ പെരിയ ഭാഗത്തേക്കും മലയോരത്തേക്കുമുള്ള വാഹനങ്ങൾ വെള്ളിക്കോത്ത് മൂലക്കണ്ടം വഴിയും പെരളം-രാവണേശ്വരംവഴിയും മഡിയൻവഴിയും തോയമ്മൽ കൂളിയങ്കാൽ വഴിയുമാണ് ചുറ്റിക്കറങ്ങി പോകുന്നത്. കേവലം മൂന്ന് കിലോമീറ്റർ ദൂരത്തിനുപകരമായി ആറും ഏഴും കിലോമീറ്ററുകളാണ് വാഹനങ്ങൾക്ക് ചുറ്റിസഞ്ചരിക്കേണ്ടിവരുന്നത്. ബസുകൾക്ക് സമയനഷ്ടത്തിനുപുറമെ ഇന്ധനച്ചെലവും ഏറി. കിഴക്കുംകര-വെള്ളിക്കോത്ത് ഇടുങ്ങിയ റോഡ് വഴി ബസുകൾ കടന്നുവന്നുതുടങ്ങിയതോടെ ഇവിടെ വാഹനക്കുരുക്കും പതിവായിട്ടുണ്ട്. പ്രവൃത്തിയുടെ തുടക്കത്തിൽ നാട്ടുകാരും കർമസമിതിയും ഉയർത്തിയ തടസ്സവാദങ്ങൾ നിർമാണത്തെ ബാധിച്ചിരുന്നു. റോഡ് വികസനത്തിനായി പൊന്നുംവിലകൊടുത്ത് വാങ്ങിയ ഭൂമി പലയിടത്തും കൈയേറ്റം നടത്തിയെന്ന ആരോപണമാണ് കർമസമിതി പ്രധാനമായും ഉന്നയിച്ചത്. പ്രതിഷേധത്തെ തുടർന്ന റവന്യൂ വകുപ്പ് അധികൃതർ ഭൂമി അളന്ന് അതിർത്തി നിശ്ചയിക്കുകയും കൈയേറ്റങ്ങൾ നീക്കാനുള്ള നിർദേശവും നൽകിയിരുന്നു. എന്നാൽ ഉടമകൾ കൈയേറ്റങ്ങൾ പൊളിച്ചുമാറ്റാൻ ഇനിയും തയ്യാറാട്ടില്ലെന്ന് കമ്പനി അധികൃതർ വെളിപ്പെടുത്തി.
No comments