Breaking News

വിഷം ഉള്ളിൽച്ചെന്നതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർഗോഡ് കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു


വിഷം ഉള്ളിൽച്ചെന്ന നിലയിൽ സ്വയം കാറോടിച്ച് ആശുപത്രിയിലെത്തി ചികിത്സ തേടിയ കലക്ട്രേറ്റ് ജീവനക്കാരി മരിച്ചു. കാസർഗോഡ് കലക്ട്രേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ ജീവനക്കാരിയായിരുന്ന ചെങ്കള സ്വദേശിനിയായ ആശാലതയാണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഓഗസ്റ്റ് 9 നാണ് ആശാലത മരണത്തിന് കീഴടങ്ങിയത്.
ഓഗസ്റ്റ് ഏഴിനാണ് വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശാലത ചെങ്കള ആശുപത്രിയിൽ കാറോടിച്ച് എത്തുന്നത്. തുടർന്ന് മികച്ച ചികിത്സയ്ക്കായി ചെങ്കള ആസ്റ്റർ മിംസിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഓഫീസിൽ‌ വച്ചാണ് ആശാലത വിഷം കഴിച്ചതെന്നാണ് വിവരം. റവന്യൂ വകുപ്പിൽ നിന്ന് ആശയെ എൻഡോസൾഫാൻ സെല്ലിലേക്ക് സ്ഥലംമാറ്റിയിരുന്നു. സ്ഥലംമാറ്റത്തെത്തുടർന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കാസർഗോഡ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

No comments