Breaking News

കാസർഗോഡ് തളങ്കര സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു


കാസർഗോഡ് : സൈനുല്‍ ആബിദ് വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതേ വിട്ടു. 21 പേരെയും കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടു.2014 ഡിസംബര്‍ 22 ന് നടന്ന കൊലപാതകത്തില്‍ ദൃക്‌സാക്ഷിയായ പിതാവ് നേരത്തേ തന്നെ മരണപ്പെട്ടു. 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിപ്പട്ടികയില്‍ ഒരാള്‍ മരണപ്പെട്ടതിന് ശേഷം 21 പേരായിരുന്നു വിചാരണ നേരിട്ടത്്.

വിചാരണയ്ക്കിടയില്‍ കേസിലെ ഏകദൃക്‌സാക്ഷിയായ പിതാവ് വാഹനാപകടത്തില്‍ മരണമടഞ്ഞത് തിരിച്ചടിയായിരുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിനെ പിതാവ് നടത്തിയിരുന്ന കടയില്‍ കയറി ക്രൂരമായി വെട്ടിക്കൊന്നെന്നായിരുന്നു കേസ്. ദൃക്‌സാക്ഷിയായ പിതാവിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രധാന അന്വേഷണം. കേസിലെ എട്ടു പ്രതികളില്‍ ആറുപേരെയും പിതാവ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ കേസില്‍ വിചാരണ നടക്കുന്നതിന് മുമ്പ് തന്നെ പിതാവ് മരണപ്പെട്ടു പോകുകയായിരുന്നു.ഓടിമാറുന്ന നിലയില്‍ പ്രതികളെ കണ്ടെന്ന് മൊഴി നല്‍കിയവരും മൊഴിമാറ്റിയിരുന്നു. കാസര്‍കോട് നഗരത്തിലെ എം.ജി. റോഡിലുള്ള മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയില്‍ കയറിയായിരുന്നു കൊലപാതകം. ഗുരുതരമായി പരിക്കേറ്റ സൈനുല്‍ ആബിദിനെ മംഗളൂരുവിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ തര്‍ക്കങ്ങളും രാഷ്ട്രീയ വൈര്യവുമാണെന്നാണ് പൊലീസിന്റെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

No comments