Breaking News

സേവനപാതയിൽ മാതൃകയായി പരപ്പ തോടംചാൽ സിറ്റിസൺ ക്ലബ് ; കരുതലായി കിടപ്പുരോഗികൾക്കും നിർധനർക്കും സഹായങ്ങൾ ... നാടിന്റെ സ്വപ്നമായ കളിസ്ഥല നിർമ്മാണത്തിന് തുടക്കം


പരപ്പ : കലാ-കായിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ സേവനങ്ങളിലും മാതൃകയായി തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്. കിടപ്പുരോഗികൾക്കും നിർധന രോഗികൾക്കും വിദ്യാർത്ഥികൾക്കും കൈത്താങ്ങായി മാറിയ ക്ലബ്ബിന്റെ വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു.

സാധാരണക്കാരായ ഗ്രാമീണ ജനതയുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ക്ലബ് ഇന്ന് നാടിന്റെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്. സാമ്പത്തിക പ്രയാസം നേരിടുന്ന രോഗികൾക്ക് സഹായം നൽകിയും പഠനോപകരണങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് പിന്തുണയായും ക്ലബ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. രക്തദാന ക്യാമ്പുകൾ, മെഡിക്കൽ ക്യാമ്പുകൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

നാടിന്റെ ദീർഘകാല സ്വപ്നമായ കളിസ്ഥലത്തിനായി ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതും ക്ലബ്ബിന്റെ പ്രധാന നേട്ടമാണ്. ഫുട്ബോൾ, വോളിബോൾ ടൂർണമെന്റുകൾ, യുവാക്കൾക്കുള്ള കായിക പരിശീലനം, ഓണാഘോഷം, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ, കലാമത്സരങ്ങൾ എന്നിവയിലൂടെ കലാ-കായിക പ്രതിഭകൾക്ക് അവസരമൊരുക്കുന്നു.

വിവാഹം ഉൾപ്പെടെയുള്ള വിശേഷ അവസരങ്ങളിൽ കാറ്ററിംഗ് സഹായം, ഭവനനിർമാണ സഹായം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവയിലും ക്ലബ് സജീവമാണ്. വനിതകളുടെ നേതൃത്വത്തിൽ ശക്തമായ വനിതാ കൂട്ടായ്മയും പ്രവർത്തിച്ചുവരുന്നു.

ലഹരിയുടെ വഴിയിലേക്ക് നീങ്ങുന്ന യുവതലമുറയെ ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി അണിനിരത്തുകയും കുട്ടികളിലെ കലാ-കായിക കഴിവുകൾ വളർത്തിയെടുക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം.

പ്രസിഡന്റ് അയൂബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് പി വാർഷിക റിപ്പോർട്ടും ട്രഷറർ സുതീഷ് ചന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.

2026–27 വർഷത്തെ ഭാരവാഹികൾ: പ്രസിഡന്റ് – സുധീഷ് ചന്ദ്രൻ, സെക്രട്ടറി – അനൂപ് പി, വൈസ് പ്രസിഡന്റ് – അയ്യൂബ് സബാൻ, ജോയിന്റ് സെക്രട്ടറി – അനീഷ് തോടംചാൽ, ട്രഷറർ – അജീഷ് കുമാർ.

തോടംചാൽ സിറ്റിസൺ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ വനിത വേദിയുടെ വാർഷിക ജനറൽബോഡിയോഗം സമാപിച്ചു. പുതിയ ഭാരവാഹികൾ പ്രസിഡന്റ് - സുജ ഷാജി. സെക്രട്ടറി- ശോഭ സതീശൻ. വൈസ് പ്രസിഡന്റ്- സവിത സുരേശൻ. ജോയിൻ സെക്രട്ടറി- പ്രിൻസി ബിബിൻസ് . ട്രഷറർ - അനിത സുനിൽ.

No comments