Breaking News

കുമ്പളപ്പള്ളി സ്കൂളിൽ 49 വർഷങ്ങൾക്കുശേഷം ഗുരുനാഥന്റെ മുന്നിൽ വീണ്ടും ശിഷ്യഗണം ; ഓർമകൾക്ക് മധുരനൊമ്പരം


പരപ്പ: പുതുതലമുറയ്ക്ക് മാത്രമല്ല, പഴയ തലമുറയ്ക്കുമുണ്ട് പൂർവവിദ്യാർത്ഥി സംഗമം. പഠിച്ചിറങ്ങി 49 വർഷങ്ങൾക്കുശേഷം കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിന്റെ മുറ്റത്ത് വീണ്ടും ഒത്തുചേർന്നത് 1977-ലെ എസ്.എസ്.എൽ.സി. ബാച്ചിലെ പൂർവവിദ്യാർത്ഥികൾ. വർഷങ്ങൾക്കുശേഷം തങ്ങളുടെ പ്രിയ ഗുരുനാഥൻ ശ്രീധരൻ മാഷിനെ വീണ്ടും കണ്ടുമുട്ടിയതോടെ സംഗമം ഗൃഹാതുരസ്മരണകളുടെയും മധുരനൊമ്പരത്തിന്റെയും വേദിയായി.

കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്കൂളിലെ 1977-ലെ എസ്.എസ്.എൽ.സി. ബാച്ചിന്റെ ആദ്യ പൂർവവിദ്യാർത്ഥി സംഗമം സ്കൂൾ അങ്കണത്തിൽ നടന്നു. റിട്ട. ഡി.ഇ.ഒ. ശ്രീധരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു.

ഉച്ചക്കഞ്ഞി വിതരണം ഇല്ലാതിരുന്ന കാലത്ത് ഉച്ചയ്ക്ക് പച്ചവെള്ളം കുടിച്ച് വിശപ്പടക്കി, ശരീരത്തിന് തളർച്ചയുണ്ടായിട്ടും പഠിക്കാനുള്ള ആവേശത്തോടെ ക്ലാസ് മുറികളിലിരുന്ന പഴയ വിദ്യാർഥികളെ വീണ്ടും കണ്ടപ്പോൾ ശ്രീധരൻ മാഷിനും അത് വികാരനിർഭരമായ അനുഭവമായി. തങ്ങളുടെ പ്രിയ മാഷിനെ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയ പൂർവവിദ്യാർഥികൾ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ, അവരോടൊപ്പം എത്തിയ മക്കൾക്കും അത് കൗതുകവും ഹൃദ്യവുമായ കാഴ്ചയായി.

സംഗമത്തിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കുന്ന 'ഗുരുനാഥന്മാരെ ആദരിക്കൽ' പരിപാടിയും പൂർവവിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. ആദരവിന് മറുപടിയായി സംസാരിച്ച ശ്രീധരൻ മാസ്റ്ററും തമ്പാൻ മാസ്റ്ററും പഴയ വിദ്യാർഥികളുമായുള്ള ഓർമകൾ പങ്കുവെച്ചു.

ചടങ്ങിൽ പ്രസിഡന്റ് ചന്ദ്രൻ പി. കാട്ടിപ്പൊയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാവിത്രി ബാലകൃഷ്ണൻ, ട്രഷറർ ഉദയകുമാർ, വിനോദ് വി.കെ., തമ്പാൻ ടി.പി., ചന്ദ്രശേഖരൻ നായർ, ഭാസ്കരൻ കെ., രാമചന്ദ്രൻ പി.വി., ശോഭനകുമാരി ടി., സുമതി പി.വി., ശോശാമ്മ പി.വി. എന്നിവർ സംസാരിച്ചു.

കാലം 49 വർഷങ്ങൾക്കപ്പുറം കൊണ്ടുപോയെങ്കിലും സൗഹൃദത്തിന്റെയും ഗുരുശിഷ്യബന്ധത്തിന്റെയും ഓർമകൾക്ക് മങ്ങലേറ്റിരുന്നില്ല. ഒരിക്കൽ പഠിച്ച സ്കൂൾ മുറ്റത്ത് വീണ്ടും ഒത്തുചേർന്നപ്പോൾ അവിടെ പിറന്നത് പഴയകാലത്തിന്റെ മധുരമുള്ള ഓർമകളും മറക്കാനാവാത്ത നിമിഷങ്ങളുമായിരുന്നു.

No comments