ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് 'പുറത്ത്'; വിവാദ ഭൂപടവുമായി ട്വിറ്റർ; വിമർശനം ഉയർന്നതോടെ നീക്കം ചെയ്തു
ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം തെറ്റായ രീതിയിൽ പ്രസിദ്ധീകരിച്ച ട്വിറ്റർ നടപടിക്കെതിരെ പ്രതിഷേധം. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളാക്കി ചിത്രീകരിച്ച് ട്വിറ്റർ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട മാപ്പാണ് വിവാദങ്ങൾ ഉയർത്തിയിരിക്കുന്നത്. ട്വിറ്ററിന്‍റെ സൈറ്റിൽ കരിയർ സെക്ഷനിലെ 'ട്വീപ്പ് ലൈഫ്' എന്ന തലക്കെട്ടിന് താഴെയായാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രസിദ്ധീകരിച്ചത്.
തിങ്കളാഴ്ച രാത്രിയോടെയാണ് സൈറ്റിൽ ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രതിഷേധം ഉയർന്നതോടെ ഇത് നീക്കം ചെയ്യുകയും ചെയ്തു. സംഭവം പരിശോധിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. ഭൂപടം ദുരുപയോഗം ചെയ്തതത് ഗുരുതരമായ കുറ്റകൃത്യമാണെന്നും ശക്തമായ നടപടി തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഇതാദ്യമായല്ല ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ച് ട്വിറ്റർ വിവാദത്തിലാകുന്നത്. നേരത്തെ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി പ്രസിദ്ധീകരിച്ച ഭൂപടവും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. പുതിയ ഐടി നിയമം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരും-ട്വിറ്ററും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഭൂപടത്തിന്‍റെ പേരിൽ പുതിയ വിവാദം എത്തുന്നത്.
സമൂഹ മാധ്യമ കമ്പനികളിൽ വിപുലമായ പരാതി പരിഹാര സംവിധാനം സൃഷ്ടിക്കുക, പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളുടെ സ്വഭാവം നിരീക്ഷിക്കുക, പരാതികൾക്ക് പരിഹാരമുണ്ടാക്കുക, ആക്ഷേപകരമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുക, പരാതി പരിഹാരവുമായി ബന്ധപ്പെട്ട് പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് തന്നെയുള്ള ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുക എന്നിവയായിരുന്നു പുതിയ ഐ ടി ചട്ടങ്ങൾ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ ഉപയോക്താവിന്‍റെ സ്വതന്ത്ര്യത്തെ ഹനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഇതിനെ എതിർത്തതോടെയാണ് കേന്ദ്രസര്‍ക്കാരുമായി പ്രശ്നങ്ങൾ ഉടലെടുത്തത്.
ചട്ടങ്ങൾ പാലിക്കാതെ വന്നതോടെ ഐ ടി നിയമത്തിലെ സെക്ഷൻ 79 പ്രകാരമുള്ള നിയമ പരിരക്ഷ ട്വിറ്ററിന് ലഭിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രം.
No comments