Breaking News

ലോക്ക്ഡൗണിൽ വെറുതെ ഇരുന്നില്ല: വർണ്ണക്കൂട്ടുകളും രുചിക്കൂട്ടുകളുമായി പടന്നക്കാട്ടെ ഗിരീഷ്-സിന്ധു ദമ്പതികളുടെ വീട്ടകം ഭാവനാസമ്പന്നം


കാഞ്ഞങ്ങാട്: വീടിന്റെ സ്വീകരണമുറിയിൽ മനോഹരങ്ങളായ ശിൽപ്പവേലകൾ അടുക്കുംചിട്ടയോടെയും വച്ചിരിക്കുന്നു. ശില്പങ്ങൾ ഉണ്ടാക്കിയതാകെട്ടെ ഗൃഹനാഥൻ ഗിരീഷ് പാലക്കീലും. ഒന്നാം ലോക്ഡൗൺ സമയത്താണ് ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഗിരിഷ് ചിത്രരചനയിലേക്ക് തിരിഞ്ഞത്. തനിക്ക് പരിചയമുള്ള ചിലരുടെ ചിത്രങ്ങൾ വരച്ചു കൊണ്ടായിരുന്നു തുടക്കം. ഛായാചിത്രങ്ങൾ ഒന്നിനൊന്ന് മെച്ചപ്പെട്ടതായി. പിന്നീട് ബോട്ടിൽ ആർട്ടിലേക്കും തിരിഞ്ഞു. ഈർക്കിൽ ഉൾപ്പടെ ഉപയോഗിച്ചു കൊണ്ടുള്ള ശിൽപ്പങ്ങളും തയ്യാറാക്കി. ഈഫൽ ഗോപുരമാണ് ഈർക്കിൽ കൊണ്ടുണ്ടാക്കിയത്. ഒരു പാട് ദിവസെമെടുത്താണു ഗോപുരം പണി പൂർത്തിയാക്കിയതെന്നു ഗിരിഷ് പറഞ്ഞു. മൺചട്ടി, ടയർ,ഈർക്കിൽ, ഗ്ലാസ്, കുപ്പി എന്നിവ ഉപയോഗിച്ചാണ് ഇവയൊക്കെ തയ്യാറാക്കിയിട്ടുള്ളത്. കാഞ്ഞങ്ങാട് ജ്യോതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ പി സിന്ധുവിന്റെ ഭർത്താവാണു ഗിരിഷ്. ലോക്ഡൗൺ കാലത്ത് ഗിരിഷ് കരകൗശല ശിൽപ്പ രംഗത്തു നിലയുറപ്പിച്ചു. അതേസമയം സിന്ധു അടുക്കളയിൽ പുത്തൻ രസകൂട്ടുകൾ തയ്യാറാക്കുകയും അതൊക്കെയും സമൂഹ മാദ്ധ്യമങ്ങളിലുടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വ്യത്യസ്തവും തനിമയാർന്നതുമായ പാചകകലയെ സ്വതസിദ്ധമായ രീതിയിൽ അവതരിപ്പിച്ചാണ് മെഡിക്കൽ അധ്യാപികയായ സിന്ധു ലോക്ഡൗൺ വീട്ടുവാസത്തെ വിരസത അകറ്റുന്നത്.  ഒന്നാം ലോക്ഡൗൺ കാലം കഴിഞ്ഞ് അൽപ്പം ആശ്വസിക്കാനിരുക്കുമ്പോഴാണ് മഹാമാരിയുടെ രണ്ടാം വരവ് ഉണ്ടായിരിക്കുന്നത്. കടുത്ത പ്രതിസന്ധിയാണു സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ആ യാഥാർത്ഥ്യത്തിനിടയിലാണ് ഗിരിഷും സിന്ധുവും വീണു കിട്ടിയ സമയത്തെ ക്രിയാത്മകമാക്കാൻ പുതിയ വഴികൾ കണ്ടെത്തിയത്. അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഇവരുടെ സൃഷ്ടികൾ.

No comments