Breaking News

സുഹൃത്തിനെ അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന കേസ്; എട്ട് വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ



ആലപ്പുഴ ചാരുംമൂട്ടിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ എട്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ. പത്തനാപുരം സ്വദേശി പ്രമോദിനെയാണ് ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പത്തനാപുരം കണ്ടല്ലൂർ സ്വദേശി ഇർഷാദ് മുഹമ്മദാണ് കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

ചാരുംമൂട്ടിലെ വർക്ഷോപ്പ് ജീവനക്കാരനായിരുന്ന പത്തനാപുരം കണ്ടള്ളൂർ നവിതാ മൻസിലിൽ 24 വയസുള്ള ഇർഷാദ് മുഹമ്മദിനെ അരകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തായ പത്തനാപുരം പുന്നല സ്വദേശി പ്രമോദിനെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് സ്പെഷ്യൽ ടീം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്ത്.2013 ജൂൺ 27 ന് രാത്രി ചാരുംമൂടിനു സമീപം ഇർഷാദ് താമസിച്ചിരുന്ന വാടക വീട്ടിലായിരുന്നു കൊലപാതകം നടന്നത്. 26 ന് ചാരുംമൂട്ടിലെത്തിയ പ്രമോദും ഇർഷാദും അന്ന് വാടക വീട്ടൽ താമസിച്ചു. പിറ്റേ ദിവസം പുറത്ത് പോയി പ്രമോദ് കൊണ്ടുവന്ന മൊബൈൽ ഫോൺ വിറ്റ് ബാറിൽ പോയി മദ്യപിച്ച് രാത്രിയോടെ ഇരുവരും മടങ്ങിയെത്തുകയും ചെയ്തു. ഇതിനുശേഷം ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് തമ്മിൽ തല്ലുണ്ടാവുകയും ശേഷം ഉറങ്ങിക്കിടന്ന ഇർഷാദിനെ വീടിനോട് ചേർന്നുണ്ടായിരുന്ന അര കല്ലെടുത്ത് പ്രമോദ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതി രാത്രി തന്നെ കടന്നുകളയുകയും ചെയ്തു.




സംഭവം നടന്ന് മൂന്നാം ദിവസം വീട്ടുടമ പുരയിടത്തിലെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സംഭവ ദിവസം ഇർഷാദിനൊപ്പം വാടക വീട്ടിൽ കണ്ട അപരിചിതനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സമീപമുള്ള ബാറിലെ സി.സി.റ്റി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ചപ്പോളാണ് പത്തനാപുരം സ്വദേശി പ്രമോദാണ് ഇർഷാദിനൊപ്പം വാടക വീട്ടിലുണ്ടായിരുന്നതെന്ന് പോലീസ് കണ്ടെത്തിയത്. നാടുമായോ വീടുമായോ ബന്ധമില്ലാതെ ജീവിക്കുന്ന ഇയാളെ കണ്ടെത്താൻ പോലീസിനായില്ല. ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പോലീസിനെ കുഴക്കിയിരുന്നു.സംഭവം നടന്ന് രണ്ടു മാസത്തിനുള്ളിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വാടക വീട്ടിൽകണ്ട അപരിചതനിൽ നിന്നുമായിരുന്നു ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തുടങ്ങിയത്.പ്രമോദാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിച്ചതോടെ ഇയാൾ മുമ്പു ജോലി ചെയ്തിരുന്ന കണ്ണൂർ, കിളിമാനൂർ, ചടയമംഗലം തുടങ്ങിയ ക്വാറികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കിട്ടിയില്ല. തുടർന്ന് ഇയാളുടെ ഫോട്ടോ പതിച്ച നോട്ടീസുകൾ കേരളത്തിനകത്തും പുറത്തും പതിയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടെ തമിഴ്നാട്ടിലുള്ള ബന്ധുവിനെ ചോദ്യം ചെയ്തതോടെ പ്രമോദ് ചെന്നൈയിലുള്ളതായി അറിഞ്ഞു.നിരന്തരമായ അന്വേഷണത്തിനൊടുവിൽ തിരുപ്പൂരിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ പിടികൂടിയതും തുടർന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തത്.

കൊലപാതകം നടത്തിയതെങ്ങനെയെന്ന് ഇയാൾ ക്രൈംബ്രാഞ്ചിന് കാട്ടി കൊടുത്തു. മദ്യപിച്ച് വഴക്കിട്ടപ്പോൾ തന്റെ അപകടം പറ്റിയ കാലിൽ ഇർഷാദ് മർദ്ദിക്കുകയും കണ്ണിനിടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തത് വൈരാഗ്യമുണ്ടാവാൻ കാരണമായതായി പ്രതി പോലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. സംഭവ ശേഷം ചാരുംമൂട്ടിലെ ഒരു മില്ലിനു സമീപം കിടന്നുറങ്ങിയ ശേഷം വെളുപ്പിന് ഉണർന്ന് പല വഴികളിലൂടെ നടന്ന് തിരുവല്ലയിലെത്തുകയും ട്രയിൻ കയറി കടന്നു കളയുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

No comments