41 വർഷമായി യുവാവ് കാട്ടിൽ; സ്ത്രീകളെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അറിവില്ല
മനുഷ്യരുടെ ജീവിതരീതിയുമായി പൊരുത്തപ്പെടാൻ പ്രയാസപ്പെടുകയാണ് 41 വർഷമായി വനത്തിനുള്ളിൽ കഴിഞ്ഞ വിയറ്റ്നാമിൽ നിന്നുള്ള ഹൊ വാൻ ലാങ്ക്. 1972ലെ വിയറ്റ്നാം യുദ്ധത്തിൽ നിന്നും രക്ഷ നേടാൻ പിതാവിനോടൊപ്പം കാട്ടിലേക്ക് രക്ഷപ്പെട്ടതായിരുന്നു ഹൊ വാൻ ലാങ്ക്. ഒറ്റപ്പെട്ടുള്ള ജീവിതത്തിൽ നിന്നും 2013ൽ രക്ഷപ്പെടുത്തിയെങ്കിലും സാധാരണ മനുഷ്യജീവിതത്തിലേക്ക് മടങ്ങാൻ ഇനിയും ഹൊ വാൻ ലാങ്കിന് സാധിച്ചിട്ടില്ല.
1972ലെ വിയറ്റ്നാം യുദ്ധത്തിൽ ഹൊ വാൻ ലാങ്കിന്റെ അമ്മയും രണ്ട് സഹോദരങ്ങളും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് പിതാവാണ് ലാങ്കിനെയും മറ്റൊരു സഹോദരനെയും കൂട്ടി ക്വാംഗ് നാഗി പ്രവിശ്യയിലുള്ള തായ് താരാ ജില്ലയിലെ ഉൾക്കാട്ടിലേക്ക് രക്ഷപ്പെട്ടത്. വെറും മൂന്ന് വയസ് മാത്രമായിരുന്നു ലാങ്കിന്റെ അന്നത്തെ പ്രായം. തുടർന്നുള്ള 41 വർഷവും മൂന്നുപേരും വനത്തിനുള്ളിലാണ് കഴിഞ്ഞത്. 2013ലാണ് ഒറ്റപ്പെട്ടുള്ള ജീവിതത്തിൽ നിന്നും മൂവരെയും രക്ഷപ്പെടുത്തിയത്. എന്നാൽ, ചെറുപ്പം മുതൽ കാട്ടിൽ കഴിഞ്ഞ ലാങ്കിനെ സംബന്ധിച്ചിടത്തോളം പുതിയ ജീവിതസാഹചര്യം തീർത്തും അന്യമായിരുന്നു. മൃഗങ്ങൾക്ക് ഒപ്പം കാട്ടിൽ കഴിഞ്ഞ ലാങ്കിന് സ്ത്രീകളെക്കുറിച്ചോ ലൈംഗിക കാര്യങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ല. ചെറിയ മൃഗങ്ങളെ വേട്ടയാടിയും മറ്റുമാണ് മൂന്നുപേരും കാട്ടിനുള്ളിൽ കാലങ്ങളോളം ജീവിതം തള്ളി നീക്കിയത്.
ഫോട്ടോഗ്രാഫർ അൽവറോ സിറസോയാണ് മൂന്ന് പേരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തിടെ പുറത്തുവിട്ടത്. കുടുംബത്തെ നേരിൽ സന്ദർശിച്ചും ലാങ്കിനെയും കൂട്ടി പണ്ട് താമസിച്ച സ്ഥലത്ത് എത്തിയുമാണ് അസാധാരണമായ ജീവിതത്തിന്റെ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്. ദൂരെ നിന്നു പോലും ആളുകളെ കണ്ടാൽ രക്ഷപ്പെടാനുള്ള പ്രവണത മൂന്നുപേരും കാണിക്കുന്നുണ്ടെന്നും പിതാവാകട്ടെ വിയറ്റ്നാം യുദ്ധം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് വിശ്വസിച്ച് കാട്ടിലേക്ക് തന്നെ മടങ്ങിപ്പോകണം എന്ന മാനസികാവസ്ഥയിലാണെന്നും അൽവറോ സിറസോ പറയുന്നു.
സ്ത്രീകളെക്കുറിച്ചോ, ലൈംഗിക ആഗ്രഹങ്ങളെക്കുറിച്ചോ പിതാവ് ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ലെന്നാണ് ലാങ്ക് പറയുന്നത്. സ്ത്രീകളെയും പുരുഷൻമാരെയും കണ്ടാൽ മനസിലാകും എങ്കിലും ഇവർ തമ്മിൽ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് ലാങ്കിന് അറിയില്ലെന്ന് സിറസോ വിശദീകരിച്ചു. ഇത്രയും കാലത്തെ ജീവിതത്തിന് ഇടക്ക് ഒരിക്കൽ പോലും ലാങ്കിന് ലൈംഗിക ആഗ്രഹങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടിൽ കഴിഞ്ഞിരുന്ന അവസാന കാലഘട്ടങ്ങളിൽ വലിയ സമ്മർദ്ദവും ഉത്കണ്ഠയും ലാങ്ക് അനുഭവിച്ചിരുന്നു. പിതാവിലുണ്ടായ മാനസിക പ്രശ്നങ്ങളും ഇതിന് കാരണമായി. യുവാവിന്റെ ശരീരമുള്ള ഒരു കൊച്ചു കുട്ടി എന്നാണ് ലാങ്കിനെ സഹോദരൻ വിശേഷിപ്പിക്കുന്നത്. '41 വർഷം കാട്ടിൽ കഴിഞ്ഞതിനാൽ സമൂഹത്തിലെ രീതികൾ ഒന്നും അറിയില്ല. നല്ലത് എന്ത് ചീത്ത എന്ത് എന്ന് മനസിലാക്കാനുള്ള കഴിവില്ല. ഞാൻ ഒരാളെ തല്ലാൻ പറഞ്ഞാൽ അയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നുപോലും നോക്കാതെ ക്രൂരമായി തല്ലിയെന്ന് വരാം,' - ലാങ്കിന്റെ സഹോദരൻ വിശദീകരിച്ചു.
പുതിയ ഗ്രാമത്തിൽ പതിയെ സാധാരണ മനുഷ്യജീവിതത്തിലേക്ക് കടക്കാൻ പരിശ്രമിക്കുകയാണ് ഇവർ.
No comments