കാസർകോട് ജില്ലയിൽ അധ്യാപക ഒഴിവുകൾ ആയിരം കടന്നു സ്കൂളുകൾ തുറക്കാത്തതിനാൽ നിയമനം നടക്കുന്നില്ല
കാസർകോട്: വിദ്യാർഥികളെ കടുത്ത പരീക്ഷണത്തിലേക്ക് തള്ളിവിട്ട് കാസർകോട് ജില്ലയിൽ അധ്യാപകരുടെ ഒഴിവുകൾ ആയിരത്തിലേറെ. സർക്കാർ സ്കൂളുകളിലെ ഒന്നു മുതൽ 12വരെ ക്ലാസുകളിലാണ് ഇത്രയും ഒഴിവുകൾ. പി.എസ്.സി റാങ്ക്ലിസ്റ്റും നിയമനശിപാർശ ലഭിച്ചവരുമുണ്ടായിരിക്കെയാണ് ഗുരുതര സ്ഥിതിവിശേഷം.
സ്കൂളുകൾ തുറക്കാത്തതിനാൽ അധ്യാപകനിയമനം വേണ്ടെന്നാണ് സർക്കാറിൻ്റെ പൊതുനിലപാട്. അടിയന്തരസാഹചര്യം മുൻനിർത്തി ചിലയിടത്ത് അധ്യാപകനിയമനം നടത്തുമെന്ന് വ്യക്തമാക്കിയെങ്കിലും തുടർനടപടിയായില്ല. നിയമനശിപാർശ ലഭിച്ചവർക്ക് ജൂൺ 29നകം നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവുമുണ്ട്.
കാസർകോട് പ്രൈമറി-ഹൈസ്കൂൾതലത്തിൽ മാത്രം 644 ഒഴിവുകളുണ്ടെന്നാണ് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്ക് സമർപ്പിച്ച കണക്ക്. എൽ.പി, യു.പി തലങ്ങളിലാണ് കൂടുതൽ ഒഴിവുകൾ. ഓൺലൈൻ ക്ലാസ് ആയതിനാൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഹയർസെക്കൻഡറിതലത്തിൽ അതിസങ്കീർണമാണ് കാര്യങ്ങൾ. സംസ്ഥാനത്ത് ഹയർസെക്കൻഡറി അധ്യാപകരുടെ മൊത്തം ഒഴിവിൻ്റെ മൂന്നിലൊന്നും കാസർകോട്ടാണ്. 65 ഗവ. ഹയർസെക്കൻഡറി സ്കൂളുകളിലായി 282 ഒഴിവുകളാണുള്ളത്. ചുരുക്കംചില സ്കൂളുകളിൽനിന്നുള്ള കണക്ക് ലഭ്യമായിട്ടില്ല. അതുകൂടി ചേർത്താൽ എണ്ണം കൂടും. 20 പ്രിൻസിപ്പൽമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. 38 ലാബ് അസിസ്റ്റൻറുമാരുടെ ഒഴിവ് വേറെ.
വി.എച്ച്.എസ്.ഇയിലെ 22 ഗവ. സ്കൂളുകളിലായി നൂറിലധികം ഒഴിവുകളുണ്ട്. ചില വി.എച്ച്.എസ്.എസുകളിൽ മൂന്നും നാലും അധ്യാപകരാണുള്ളത്. അധ്യാപകക്ഷാമം പരിഹരിക്കാൻ രണ്ടു ബാച്ചുകൾക്ക് ഒരുമിച്ച് ഓൺലൈൻ ക്ലാസെടുക്കാനാണ് നിർദേശം. നൂറിലധികം കുട്ടികൾ ഉള്ളതിനാൽ ഒാൺലൈൻവഴി നടക്കുന്നില്ല.
ക്ഷാമം പരിഹരിക്കാൻ അധ്യാപകവിദ്യാർഥികളെ ട്രെയ്നികളായി നിയമിക്കാനുള്ള ജില്ല വിദ്യാഭ്യാസസമിതിയുടെ തീരുമാനം വിവാദമായതിനാൽ ബദൽവഴി തേടുകയാണ് ജില്ല.
നിയമനം നേടുന്ന ഇതര ജില്ലക്കാർ നാട്ടിലേക്ക് സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതാണ് ഒഴിവുകൾ കൂടാൻ പ്രധാന കാരണം. സംസ്ഥാനതലത്തിലുള്ള നിയമനമായതിനാൽ ഹയർസെക്കൻഡറി മേഖലയിൽ പ്രത്യേകിച്ചും. മറ്റ് ഏത് ജില്ലകളിലും സ്ഥാനക്കയറ്റമോ വിരമിക്കലോ നടന്നാലുള്ള ഒഴിവിൽ ഉടൻ അപേക്ഷിക്കും.
ഇങ്ങനെ പോകുന്നവർക്ക് പകരം ആളുണ്ടാവില്ല. പ്രൈമറി-ഹൈസ്കൂൾ തലത്തിലും നിശ്ചിത ശതമാനം പേർ സ്ഥലംമാറിപ്പോകുന്നു. പോകുന്നവർക്ക് പകരം ആൾ വരുന്നില്ലെന്നതാണ് ജില്ല നേരിടുന്ന പ്രശ്നം.
No comments