Breaking News

ഓൺലൈൻ ഗെയിം: അഡിക്‌ഷനിലൂടെ അപകടത്തിലേക്ക് നമ്മുടെ കുട്ടികളെ രക്ഷിക്കണം മുന്നറിയിപ്പുമായി കേരള പോലീസ്


ലോക്ഡൗൺ  കാലത്ത് പഠനം വീടുകൾക്കുള്ളിൽ ആയപ്പോ കുട്ടികളുടെ നിയന്ത്രണത്തിലായി സ്മാർട്ട് ഫോണുകൾ. ഗുണങ്ങളോടൊപ്പം തന്നെ സ്വാഭാവികമായും ദോഷങ്ങളും ഉണ്ടായി.  ഗെയിം അഡിക്‌ഷൻ, സ്ക്രീൻ അഡിക്‌ഷൻ ഡിസോർഡറുകൾ എന്നിവ രക്ഷിതാക്കൾക്ക് മാത്രമല്ല, കുട്ടികളുടെ ഭവിക്കും വെല്ലുവിളിയായി മാറുന്ന കാഴ്ചയാണ്.  


ഗെയിമുകൾക്ക് അടിപ്പെട്ട്  പണം നഷ്ടപ്പെട്ട, മാനസികപ്രശ്നങ്ങളുണ്ടായ, പഠനത്തിൽ പിന്നാക്കം പോയ ഒട്ടേറെ കുട്ടികളും അതോർത്തു വിഷമിപ്പിക്കുന്ന മാതാപിതാക്കളും.  വെറുതെ നേരമ്പോക്കിനാവും ആദ്യം ഗെയിം കളിച്ചു തുടങ്ങുക. പിന്നെ പണംവച്ചു കളിക്കും. ഒടുവിൽ കരകയറാനാവാത്ത വിധം അഡിക്‌ഷനിലേക്ക് കുട്ടികൾ വഴുതിവീഴുന്നു. 


ഗെയിമുകളിൽ പലതിലും എന്തിനെയെങ്കിലുമൊക്കെ നശിപ്പിക്കുന്ന തരത്തിലുള്ള ആശയങ്ങളായതിനാൽ കുട്ടികളിൽ അക്രമവാസനയുണ്ടാക്കാൻ ഇവ ഇടയാക്കുന്നു. കുട്ടികളുടെ  മാനസികനിലയുടെ താളം തെറ്റിക്കാനും ഇത്തരം അഡിക്ഷൻ കാരണമാകുന്നു.  കുട്ടികളുടെ  ചിന്തകളെ  ഇവ  സ്വാധീനിക്കുന്നത് മാത്രമല്ല, കുട്ടികളിൽ ദേഷ്യവും വാശിയും കൂട്ടുകയും ചെയ്യുന്നു. പഠനത്തിലുള്ള ശ്രദ്ധ കുറയുന്നു. തലവേദന, കഴുത്തു വേദന, കണ്ണിനുണ്ടാകുന്ന കുഴപ്പങ്ങൾ  തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും. ചുറ്റുമുള്ളവരുമായി അടുപ്പം കുറയുന്നു. ക്രമേണ കുട്ടികൾ വിഷാദത്തിലേക്ക്  വഴുതിവീഴുന്നു. 


ഓൺലൈൻ ഗെയിമുകൾ അപകടമാകുന്നതെങ്ങനെ?


ഭക്ഷണം പോലും ഉപേക്ഷിച്ചു ഗെയിം കളിക്കാൻ തുടങ്ങുക. 


ഗെയിം കളിക്കാനുള്ള വ്യഗ്രത എപ്പോഴും കാണിക്കുക.


കളിക്കേണ്ട എന്നു തീരുമാനിച്ചാലും അതിനു സാധിക്കാത്ത അവസ്ഥ.


ഗെയിം നിർത്താൻ മറ്റാരെങ്കിലും ആവശ്യപ്പെടുമ്പോൾ ദേഷ്യം തോന്നുക.


മുൻപുണ്ടായിരുന്ന ഹോബികളിൽ പോലും മനംമടുപ്പ്.


മറ്റൊന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ.


എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോഴോ കൂട്ടുകാരുമായി വഴക്കിടുമ്പോഴോ മാനസികസമ്മർദം കുറയ്ക്കാൻ ഗെയിം തിരഞ്ഞെടുക്കുക 


മാതാപിതാക്കളും  അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ   


മാതാപിതാക്കൾ കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കുക.


സേർച്ച്‌ ഹിസ്റ്ററി പരിശോധിക്കുക.


കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക....


അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തുക....


ക്ലാസ് സമയം എപ്പോഴാണെന്നു കൃത്യമായി മനസ്സിലാക്കുക. അല്ലാത്ത സമയം ഫോൺ നൽകാതിരിക്കാൻ ശ്രദ്ധിക്കുക...


കുട്ടികൾ ഓൺലൈൻ ക്ലാസിൽ കയറുന്നുണ്ടെന്ന് അധ്യാപകർ ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ മാതാപിതാക്കളെ അറിയിക്കുക...


കഴിയുന്നതും അവരെ ഗെയിമുകളിൽ നിന്നും പിന്തിരിപ്പിക്കുക. 


അഥവാ ഗെയിം കളിക്കണം എന്നുണ്ടെങ്കിൽ എപ്പോൾ ഗെയിം കളിക്കണമെന്നു കൃത്യമായി തീരുമാനിക്കുക.


കൃത്യമായ സമയപരിധി നിശ്ചയിക്കുക.


മൊബൈൽ ഫോൺ ഉപയോഗം പരമാവധി കുറച്ച് മറ്റു പ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുക.


ആവശ്യമെങ്കിൽ മാതാപിതാക്കളുടെയോ അധ്യാപകരുടെയോ സഹായം തേടുക


കുട്ടികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ കേരള പൊലീസിന്റെ ‘ചിരി’ പദ്ധതിയുടെ ഹെൽപ്‌ലൈനിലേക്ക്  വിളിക്കാം : 9497900200. 


ഇത്തരം പ്രശ്നങ്ങളുമായി വിളിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നു. പദ്ധതിയുടെ കീഴിൽ  സംസ്ഥാനത്താകെ നിരവധി സൈക്കോളജിസ്റ്റുകളുംകൗൺസലർമാരും സൈക്യാട്രിസ്റ്റുകളും എൽഡർ മെന്റർമാരും പിയർ മെന്റർമാരും പ്രവർത്തിക്കുന്നുണ്ട്. 

No comments