ടച്ചിങ്സിൽ എലി പിടിച്ചു ! തപാലിൽ സുഹൃത്തിന് അയച്ച മദ്യം എക്സൈസ് കസ്റ്റഡിയിലെടുത്തു സംഭവം കൊച്ചിയിൽ
കൊച്ചി: ലോക്ക്ഡൗൺ കാലത്ത് സുഹൃത്തിന് ബെംഗളൂരുവിൽ നിന്ന് തപാൽ മാർഗം അയച്ചു കൊടുത്ത മദ്യം ലഭിച്ചത് എക്സൈസ് സംഘത്തിന്. മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അൽപ്പം മിക്സ്ചറും അയച്ചതാണ് പണിയായത്. മിക്സ്ചർ ഉണ്ടായിരുന്നതിനാൽ പാഴ്സൽ എലി കരണ്ടു. ഇതോടെ പാർസലിനുള്ളിൽ മദ്യമാണെന്നു കണ്ടെത്തുകയായിരുന്നു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലാണ് രസകരമായ സംഭവം നടന്നത്.
പാഴ്സലിൽ മദ്യമാണെന്നു കണ്ടെത്തിയതോടെ ഇക്കാര്യം പോസ്റ്റൽ വകുപ്പ് ഉദ്യോഗസ്ഥർ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദിന്റെ നേതൃത്വത്തിലെത്തിയ എക്സൈസ് സംഘം പാഴ്സൽ കസ്റ്റഡിയിലെടുത്തു.
പാഴ്സലിൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്പറും ഉണ്ടായിരുന്നതിനാൽ എക്സൈസിന് കാര്യങ്ങൾ എളുപ്പമായി.
എതായാലും ടച്ചിങ്സ് കൂടി നൽകാനുള്ള സുഹൃത്തിന്റെ കരുതലാണ് പുലിവാലായത്. ലോക്ക് ഡൗൺ കാലത്ത് കർണാടകത്തിൽ നിന്നും വിവിധ മാർങ്ങളിലൂടെ കേരളത്തിലേക്ക് കടത്തുന്ന മദ്യം രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പിടകൂടാറുള്ളത്. എന്നാൽ ഇത്തവണ എക്സൈസിന് ഇൻഫോമറായത് എലിയാണെന്നതും കൗതുകകരമാണ്.
No comments