Breaking News

കൊട്ടേഷൻ സംഘത്തിന്റെയോ മാഫിയ സംഘത്തിൻറെയോ ഭാഗമാകുന്നത് അല്ല ഹീറോയിസമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം



കോട്ടയം: കൊട്ടേഷൻ സംഘത്തിന്റെയോ മാഫിയ സംഘത്തിന്‍റെയോ ഭാഗമാകുന്നത് അല്ല ഹീറോയിസമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. രാമനാട്ടുകര സ്വർണക്കടത്ത് സംസ്ഥാനത്തൊട്ടാകെ വലിയ ചർച്ചയാകുന്നതിനിടെയാണ് എ എ റഹീം പ്രവർത്തകർക്ക് മുന്നിൽ നിലപാട് വ്യക്തമാക്കിയത്. കോട്ടയത്ത് മൊബൈൽഫോൺ ചലഞ്ചിലൂടെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി സമാഹരിച്ച് മൊബൈൽ ഫോണുകൾ വിതരണം ചെയ്യുകയായിരുന്നു എ എ റഹീം.

രാമനാട്ടുകര കള്ളക്കടത്ത് കേസിൽ കണ്ണൂരിൽ നിന്നുള്ള ഡി വൈ എഫ് ഐ നേതാക്കൾക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയ മുൻ ഡി വൈ എഫ് ഐ നേതാക്കൾക്ക് ഇപ്പോഴത്തെ നേതാക്കളുമായുള്ള ബന്ധം ആണ് ഡി വൈ എഫ് ഐയെ പ്രതിസന്ധിയിലാക്കിയത്. ഇതിനെ തുടർന്നായിരുന്നു അന്വേഷണം തുടരുന്നതിനിടെ ബന്ധമുള്ള പ്രാദേശിക നേതാക്കളെ പുറത്താക്കി ഡിവൈഎഫ്ഐ രംഗത്ത് വന്നത്. സംഘടനയെ വലിയ പ്രതിസന്ധിയിലാക്കിയ വിഷയം നേരിട്ട് പരാമർശിക്കാതെ സംസ്ഥാന സെക്രട്ടറി എ എ റഹിം പ്രവർത്തകർക്കും മാധ്യമങ്ങൾക്കും മുന്നിൽ പറഞ്ഞത് ഇങ്ങനെ.




'പുതിയ കാലത്തെ ചെറുപ്പത്തെ ബാധിച്ചിരിക്കുന്ന ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട്. ചെറുപ്പത്തെ മാത്രമല്ല സമൂഹത്തിന്റെ പൊതുപ്രശ്നങ്ങൾ ചെറുപ്പത്തെയും ബാധിച്ചിരിക്കുന്നു എന്ന് വേണം പറയാൻ. കൊട്ടേഷൻ സംഘത്തിന്റെ ഭാഗമാകുന്നത് അല്ല ഹീറോയിസം. മാഫിയാ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത് അല്ല ഹീറോയിസം. മയക്കുമരുന്ന് പ്രവർത്തനത്തിന്റെ ഭാഗമാകുന്നത് അല്ല ഹീറോയിസം, സാമൂഹിക മാധ്യമങ്ങളിൽ വേറൊരു തരത്തിൽ ഇടപെടുകയോ വേറൊരു തരത്തിൽ പ്രതീതി സൃഷ്ടിക്കുകയോ, എങ്ങനെയും പണം സമ്പാദിക്കാൻ ആയി ഇറങ്ങി പുറപ്പെടുകയോ ചെയ്യുന്നതല്ല ഹീറോയിസം. റഹീം പ്രവർത്തകരോട് ആയി പറയുന്നു. ആധുനികകാലം നിർമ്മിച്ചു വെച്ചിരിക്കുന്ന ഒരുപാട് ഒരുപാട് ബോധ പരിസരം ഉണ്ട്, ആ ബോധ പരിസരം ആസൂത്രിതമായി കേരളത്തിന്റെ മണ്ണിൽ ഇപ്പോൾ ശക്തിപ്രാപിച്ചു വരുന്നതായും റഹിം ചൂണ്ടിക്കാട്ടി. അതിൽ തികഞ്ഞ ജാതിബോധം ഉണ്ട്, മത വർഗീയ ചിന്തകൾ ഉണ്ട്, സ്ത്രീധനത്തിന്റെ പേരിൽ ആളുകൾ മരിക്കുന്ന സാഹചര്യമുണ്ട്, സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രശ്നങ്ങളുണ്ട്. റഹിം തുടരുന്നു.. നവോത്ഥാന വിരുദ്ധ സ്വഭാവങ്ങൾ നിരവധി ആണ് സമൂഹത്തിൽ ശക്തിപ്രാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


വലതുപക്ഷ സ്വഭാവം എന്നു വേണമെങ്കിലും ഇതിനെ പറയാം. ഇത്തരം പ്രശ്നങ്ങൾ കേരളത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വിഘാതം സൃഷ്ടിക്കും എന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടുന്നത്.

No comments