Breaking News

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവം; പ്രതി റിമാൻഡിൽ




ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി അർജുനെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ വൈകിട്ടോടെയാണ് പീരുമേട് കോടതിയിൽ ഹാജരാക്കിയത്. കോടതി റിമാൻഡ് ചെയ്ത പ്രതിയെ പീരുമേട് സബ് ജയിലിലേക്ക് മാറ്റി. അടുത്ത ദിവസം കൂടുതൽ തെളിവെടുപ്പിനായി ഇയാളെ പോലിസ് കസ്റ്റഡിയിൽ വാങ്ങും.

ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം ആറ് വയസ്സുകാരിയെ തുങ്ങിമരിച്ചതായി കാണപ്പെടുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതോടെ തനിച്ചായിരുന്ന കുട്ടി കളിക്കുന്നതിനിടെ കയറിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.





മൃതദേഹം ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടി കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഞായറാഴ്ച്ചയാണ് അയൽവാസിയും കുട്ടിയുടെ വീട്ടിൽ നിത്യസന്ദർശകനുമായിരുന്ന പ്രതി അർജുൻ പിടിയിലായത്.

വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കഴിഞ്ഞ മൂന്ന് വർഷക്കാലമായിഇയാൾ കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മാതാപിതാക്കൾ ജോലിക്ക് പോകുന്ന തക്കത്തിനാണ് വീട്ടിലെത്തി ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. അയൽ വീടുകൾ തമ്മിലുള്ള സൗഹൃദവും സമീപവാസികൾക്ക് കുട്ടിയോടുള്ള വാത്സല്യവും മൂലം ആർക്കും സംശയം തോന്നിയില്ല.

സംഭവ ദിവസം പീഡനത്തിനിടെ കുട്ടി അബോധാവസ്ഥയിലാവുകയും മരണമടഞ്ഞു എന്നു കരുതി കയറിൽ കെട്ടി തൂക്കിയെന്നുമാണ് ഇയാൾ പോലീസിനോട് മൊഴിനൽകിയത്. സംസ്കാരസമയത്തും മറ്റ് ചടങ്ങുകളിലും ഇയാൾ സജീവമായിരുന്നു. തുടർന്ന് സമീപത്തെ എല്ലാവരെയും പോലീസ് ചോദ്യം ചെയ്തതോടെയാണ് ഇയാളിലേക്ക് അന്വേഷണം എത്തിയത്.



രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിൽ അർജുനും ഉണ്ടായിരുന്നു. ഒടുവിൽ അന്വേഷണം അർജുനിൽ മാത്രമാക്കി ചുരുക്കുകയും മറ്റു മൂന്നുപേരെ വിട്ടയയ്ക്കുകയുമായിരുന്നു.

തെളിവെടുപ്പിനായി എത്തിച്ചപ്പോൾ നാട്ടുകാർ പ്രകോപിതരായി. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി. സുനിൽ കുമാറിനാണ് അന്വേഷണ ചുമതല. പീരുമേട് ഡിവൈഎസ്പി സനൽ കുമാർ ജില്ലാ പോലീസ് സൂപ്രണ്ട് ആർ. കറുപ്പസ്വാമി എന്നിവരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.

പീഡനത്തിനിടയെ ബോധം നഷ്ടപ്പെട്ട് അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതി മുറിക്കുള്ളിൽ ഷാളിൽ അർജുൻ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് മുറിയുടെ വാതില്‍ അകത്തുനിന്നു അടച്ചശേഷം ജനല്‍വഴി പുറത്തിറങ്ങി അർജുൻ വീട്ടിലെത്തി.

അതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ വീട്ടുകാരുമായി ഇടപെടുകയും ചെയ്തു. പിന്നീട് പുറത്തുപോയ കുട്ടിയുടെ സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ആറു വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മരണം വിവരം അറിഞ്ഞു വീട്ടിലെത്തി പൊട്ടിക്കരയുകയും ശവസംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു. അബദ്ധത്തിൽ ഷാൾ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന പ്രചാരണത്തിന് പിന്നിൽ അർജുൻ ആണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

No comments