Breaking News

കുടകിൽ ബിസിനസ് നടത്തുന്ന ചിറ്റാരിക്കാൽ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി; പോലീസ് എത്തി യുവാവിനെ മോചിപ്പിച്ചു


 

കാഞ്ഞങ്ങാട്: കുടകില്‍ ബിസിനസ് നടത്തുന്ന ചിറ്റാരിക്കാല്‍ സ്വദേശിയായ യുവാവിനെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വിവരമറിഞ്ഞ് ചിറ്റാരിക്കല്‍ പൊലീസ് മടിക്കേരിയിലെത്തി യുവാവിനെ മോചിപ്പിച്ചു. ചിറ്റാരിക്കാല്‍ അരിയിത്തിലെ അബ്ദുല്‍ സലാമിനെ മകന്‍ ഷമീര്‍ മുഹമ്മദി (32)നെയാണ് മൂന്നുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ചത്. സംഭവുമായി ബന്ധപ്പെട്ട് മടിക്കൈ മൂറനാട്ടെ ബിസിനസ് നടത്തുന്ന റസാക്ക്, പാര്‍ട്ണര്‍ ഹാരിസ് എന്നിവര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു. അബ്ദുല്‍ സലാമിന്റെ പരാതിയിലാണ് കേസ്. ഈ മാസം 22നാണ് സംഭവം. കുടക് നാപ്പോക്കില്‍ ഷമീര്‍ മൂന്നു വര്‍ഷമായി മലഞ്ചരക്ക് കച്ചവടം നടത്തുകയാണ്. എന്നാല്‍ ബിസിനസ്സില്‍ നഷ്ടം വന്നിരുന്നു. ചിലര്‍ക്ക് ബിസിനസുമായി ബന്ധപ്പെട്ട പണം നല്‍കാനുണ്ടായിരുന്നു. ഈ പണം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. ഷമീര്‍ പണം നല്‍കാനുള്ള വിവരം പിതാവ് അബ്ദുല്‍ സലാമിനെ ഫോണില്‍ സംസാരിച്ച ഒരാള്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടിലുണ്ടായിരുന്ന ഷെമീറിനേയും മറ്റൊരു മകന്‍ ഷമീമിനെയും കൂട്ടി അബ്ദുല്‍സലാം കുടകിലേക്ക് പോയി. സംസാരിക്കുന്നതിനിടയില്‍ കിട്ടാനുള്ള തുകയില്‍ 40 ലക്ഷം അടിയന്തിരമായി നല്‍കണമെന്നും നല്‍കിയില്ലെങ്കില്‍ മൂന്നുപേരെയും വീട്ടിലേക്ക് വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. അതിനിടയിലാണ് ഹംസ എന്നയാളുടെ കാറില്‍ ഷമീറിനെ കൂട്ടിക്കൊണ്ടുപോയത്. സലാമിനോടും മകനോടും പിന്നാലെ പോകാന്‍ ആവശ്യപ്പെട്ടു. മടിക്കേരി ടൗണിലേക്കാണ് പോയത്. അവിടെ ഹംസയുടെ സുഹൃത്തിന്റെ വീട്ടില്‍ ഷമീറിനെ പൂട്ടിയിടുകയായിരുന്നു. പിന്നാലെയെത്തിയ പിതാവിനോട് നാട്ടിലേക്ക് പോയി പണവുമായി തിരിച്ചു വരാന്‍ പറഞ്ഞു. അതിനു ശേഷം മകനെ വിട്ടുതരാമെന്നും അറിയിച്ചു. തുടര്‍ന്നാണ് അബ്ദുല്‍ സലാം നാട്ടിലെത്തി പൊലീസ് സഹായം തേടിയത്. കേസെടുത്ത പൊലീസ് പ്രതികളെ വിവരമറിയിച്ചു. അതിനിടെ നാപ്പോക്ക് പൊലീസിനെയും ബന്ധപ്പെട്ടു. പ്രശ്‌നം കൈവിടുമെന്ന് മനസിലായ പ്രതികള്‍ ഷമീറിനെ നാപ്പോക്ക് പൊലീസ് സ്റ്റേഷനിലെത്തിക്കുകുയായിരുന്നു. ചിറ്റാരിക്കല്‍ എസ്.ഐ. യു. അരുണനും സംഘവും നാപ്പോക്കിലെത്തി ഷമീറിനെ കൂട്ടിക്കൊണ്ടുവരികയായിരുന്നു.

No comments