Breaking News

തലമുറകളുടെ സംഗമം; 'പാപ്പൻ' റിലീസിന് ഒരുങ്ങുന്നു സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ


മൂന്ന് പേരുടെ രണ്ടു തലമുറകളുടെ സംഗമമാണ് സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രം 'പാപ്പന്‍'. ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകന്‍ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തില്‍. അച്ഛന്‍ സുരേഷ് ഗോപിക്കൊപ്പം ഗോകുല്‍ സുരേഷും സിനിമയുടെ ഭാഗമാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് കാച്ചപ്പിള്ളിയാണ് ക്യാമറ. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. 43 വര്‍ഷമായി മലയാള സിനിമയുടെ ഭാഗമാണ് ജോഷി. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ലേലം, പത്രം, വാഴുന്നോര്‍, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയുടെ കരിയറിലെ ഹിറ്റ് കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സൂപ്പര്‍ ഹിറ്റായ പൊറിഞ്ചു മറിയം ജോസിന് ശേഷമുള്ള ജോഷിയുടെ ചിത്രമാണ് 'പാപ്പന്‍'. സുരേഷ് ഗോപിയോടൊപ്പം സണ്ണിവെയിന്‍, നൈല ഉഷ, നീത പിള്ള, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആര്‍ ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്യാം ശശിധരനാണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


No comments