Breaking News

വെള്ളമുണ്ട ഇരട്ടക്കൊലക്കേസ്: പ്രതി വിശ്വനാഥന് വധശിക്ഷ, 10 ലക്ഷം രൂപ പിഴ


വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ടക്കൊലക്കേസില്‍ പ്രതി വിശ്വനാഥന് വധ ശിക്ഷ. കല്‍പറ്റ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. വധ ശിക്ഷയ്ക്ക് പുറമെ പത്ത് ലക്ഷം രൂപ പിഴയും കോടതി പ്രതിക്ക് ചുമത്തി. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിശ്വനാഥന്‍ കുറ്റക്കാരമെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പിന്നാലെയാണ് കേസ് ഇന്നത്തേക്ക് ശിക്ഷ വിധിക്കാനായി മാറ്റിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്ത് നിവാസിയാണ് മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ എന്ന 45 കാരന്‍.

2018 ജൂലായ് ആറിനായിരുന്നു നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം നടന്നത്. നവദമ്പതിമാരായിരുന്ന വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവര്‍ ് കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസ് അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘമാണ് അന്വേഷിച്ചത്. ആദ്യഘട്ടത്തില്‍ തുമ്പൊന്നുമില്ലാതിരുന്ന കൊലപാതകക്കേസില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്.

മോഷണം ചെറുക്കാനുള്ള ശ്രമത്തിനിടെയാണ് വിശ്വനാഥന്‍ ദമ്പതിമാരെ അടിച്ചുകൊന്നു എന്നാണ് കേസ്. വീട്ടില്‍ കയറിയ വിശ്വനാഥന്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദംകേട്ടുണര്‍ന്ന ഉമ്മറിനെയും ഫാത്തിമയെയും കൈയില്‍ കരുതിയിരുന്ന കമ്പിവടികൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയശേഷം ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലും പരിസരങ്ങളിലും മുളകുപൊടി വിതറി വിശ്വനാഥന്‍ രക്ഷപ്പെടുകയായിരുന്നു.


No comments