Breaking News

തൃക്കരിപ്പൂരില്‍ യുഡിഎഫിന് സന്ദീപ് വാര്യര്‍ തന്നെ; വാര്യരെ സ്വാഗതം ചെയ്തു ജോമോൻ ജോസും


തൃക്കരിപ്പൂർ : തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ അന്തിമ തീരുമാനം സന്ദീപ് വാര്യരെ അറിയിച്ചു. ഇന്ന് വൈകിട്ട് സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരിലെത്തും. ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യര്‍. സന്ദീപ് വാര്യരെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

അതേസമയം സന്ദീപ് വാര്യരെ തൃക്കരിപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തു പോസ്റ്റിട്ടു ജോമോൻ ജോസ്. അവസാനനിമിഷം വരെ ജില്ലയിലെ യൂത്തിന്റെ മുഖമായ ജോമോൻ തൃക്കരിപ്പൂരിൽ സ്ഥാനാർത്ഥിയായി വരുമെന്ന്  തൃക്കരിപ്പൂരിലെ കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിച്ചിരുന്നു 

ജില്ലയില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്ത് നല്‍കിയിരുന്നു. കമ്മിറ്റി പിരിച്ചുവിട്ട് പ്രതിഷേധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറയിപ്പ്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണിത്. ഇത്തവണ കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് നല്‍കി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ എതിര്‍പ്പുമായി കാസര്‍കോട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ കടുത്ത അതൃപ്തിയാണ് നേതൃത്വത്തെ അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് പോലെ മത്സരിക്കാന്‍ വേറെ ആളെയിറക്കേണ്ടെന്നും മണ്ഡലത്തില്‍ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ അഭിപ്രായം.

No comments