Breaking News

ആട് ഗ്രാമം പദ്ധതി: കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾക്ക് ആടിനെ നൽകി


ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെ ആടു ഗ്രാമം പദ്ധതിയിലുള്‍പ്പെടുത്തി കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ  കുട്ടികള്‍ക്ക് ആടിനെ നല്‍കി. ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ ഉദ്ഘാടനം ചെയ്തു. 5 ലക്ഷം രൂപ ചിലവഴിച്ച 50 മലബാറി ക്രോസ് ആടുകളെയാണ് പഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളായ കുണ്ടംകുഴി, മുന്നാട്, കൊളത്തൂരിലെ ഏഴാം തരം വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് വിജയകരമായി മുന്നാട് എ യു പി സ്‌കൂളിലെ കുട്ടികള്‍ക്ക് പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് നടപ്പാക്കിയ ആടു ഗ്രാമം പദ്ധതിയാണ് കൂടുതല്‍ വിപുലപ്പെടുത്തി ഇത്തവണ നടപ്പിലാക്കിയത്. തെരെഞ്ഞെടുത്ത കുട്ടികള്‍ക്ക് ഓരോ ആട്ടിന്‍ കുഞ്ഞുങ്ങളെ നല്‍കുകയും പ്രസവശേഷം ഒരു പെണ്ണാടിനെ സ്‌കൂളിന് തന്നെ തിരിച്ച് നല്‍കുന്നതുമാണ് ഈ പദ്ധതി. ഇങ്ങനെ തിരിച്ച് കിട്ടുന്ന ആട്ടിന്‍ കുട്ടികളെ അടുത്ത ബാച്ചിലെ കുട്ടികള്‍ക്ക് നല്‍കി വരുമാനവും കുട്ടികളില്‍ മൃഗ സ്‌നേഹവും മൃഗസംരക്ഷണ ബോധവും വളര്‍ത്തി എടുക്കുക എന്നതാണ് ലക്ഷ്യം. പ്രത്യേകിച്ചും ഈ കൊവിഡ് കാലത്ത് ഇത്തരമൊരു പദ്ധതി കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ച മതിപ്പും സന്തോഷവും ഏറെ ആണ് . കുട്ടികള്‍ക്ക് നൂറ് ശതമാനം സബ്‌സിഡിയിലാണ് ആടുകളെ നല്‍കുന്നത്. പര്‍ച്ചേസ് കമ്മിറ്റി ഗുണനിലവാരം ഉറപ്പാക്കിയാണ് മുന്തിയ ഇനം മലബാറി ആടിനെ നല്‍കുന്നത്. ജനകീയാസൂത്രണ മാര്‍ഗരേഖയുടെ നിബന്ധനകള്‍ പ്രകാരം നടപ്പിലാക്കാന്‍ ആവാത്ത ഈ പദ്ധതിക്ക് സംസ്ഥാന തല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങിയ ശേഷം ഡിപിസി അംഗീകാരം കൂടി ലഭ്യമാക്കിയാണ് പദ്ധതി നടപ്പിലായത്. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍  നൂര്‍ജഹാന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ഹാഷിം മാസ്റ്റര്‍, പി ടി എ പ്രസിഡന്റ് സുരേഷ് പായം, എസ്എംസി  ചെയര്‍മാന്‍ രഘുനാഥന്‍ ചെറാ പൈക്കം, പദ്ധതിയുടെ സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ രമ്യ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ ഡോ. അഖില്‍ ശ്യാം സ്വാഗതവും വികസന സ്ഥിരം സമിതി അംഗം എം തമ്പാന്‍ നന്ദിയും പറഞ്ഞു.

No comments