കൊന്നക്കാട് മഞ്ചുച്ചാലിൽ മൂന്നംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി നാടൻ തോക്കും ,ഇറച്ചിയും പിക്കപ്പ് വാഹനവും പിടികൂടി
വെള്ളരിക്കുണ്ട് : മൂന്നംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി. വ്യാഴം വെളുപ്പിന് നടത്തിയ തിരച്ചിലിനിടെയാണ് ഒരു നാടൻ തോക്കും, വെടിവെച്ചു പിടിച്ച കാട്ടുപന്നിയും, പിക്കപ്പ് വാഹനം ഉൾപ്പെടെ വനപാലകർ പിടികൂടിയത്. ചെരുമ്പക്കോട്ടെ ആർ രാജേഷ് (49), അശോകച്ചാലിലെ പി ആർ രാജേഷ് എന്ന മധു (42), മൈക്കയത്തെ രതീഷ് (42) എന്നിവരാണ് പിടിയിലായത്. 70 കിലോ വരുന്ന കാട്ടുപന്നി, നാടൻതോക്ക്, പിക്കപ്പ് വാഹനം, കത്തികൾ, തിരകൾ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഇവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയ ശേഷം ഹൊസ്ദുർഗ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ രാഹുലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭീമനടി സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനിടെ കൊന്നക്കാട് മഞ്ചുച്ചാൽ വനമേഖലയിൽ വെച്ചാണ് നായാട്ട് സംഘത്തെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് മാസം മലാനെ വേട്ടയാടി പിടിച്ച് ഇറച്ചിയാക്കി കടത്തിയ കേസിൽ പിടിയിലായ ആളാണ് പി ആർ രാജേഷ് എന്ന മധു. ഇതേ കേസിൽ വനംവകുപ്പ് പിടികൂടിയ പിക്കപ്പ് തന്നെയാണ് കോടതിയിൽ ബോണ്ട് കെട്ടി എടുത്ത ശേഷം വീണ്ടും നായാട്ടിന് ഉപയോഗിച്ച് പിടിയിലായത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി ശ്രീധരൻ, നിധിൻ ചന്ദ്രൻ, നന്ദകുമാർ, ജിഷ്ണു, സന്തോഷ് കുമാർ, ഡ്രൈവർ പ്രദീപ്കുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
No comments