Breaking News

എന്ന് തീരുമീ ദുരിതയാത്ര.. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ ഭീമനടി ചിറ്റാരിക്കാൽ റോഡ് നവീകരണത്തിന് തിരിച്ചടിയാകുന്നു


ഭീമനടി: മലയോരത്തെ പ്രധാന റോഡായ ഭീമനടി -ചെറുപുഴ- ഒടയഞ്ചാൽ മേജർ ജില്ലാ റോഡിൽ പെട്ട ഭീമനടി ചിറ്റാരിക്കൽ റോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. മൂന്നു വർഷമായി നിർമ്മാണം തുടങ്ങിയെങ്കിലും ഒട്ടേറെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രവർത്തി പൂർത്തിയാക്കാതെ ഇഴഞ്ഞ് നീങ്ങുകയാണ്. നിലച്ചുപോയ നവീകരണ പ്രവർത്തി അടുത്ത കാലത്ത് വീണ്ടും പുനരാരംഭിച്ചെങ്കിലും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് നിർമ്മാണ പ്രവർത്തി നീണ്ടു പോകാൻ പ്രധാന കാരണം. റോഡരികിലെ മണ്ണ് മാന്തിയപ്പോൾ കുടിവെള്ള പൈപ്പുകൾ പുറത്തുവന്നതും, മണ്ണിട്ട് ഉയർത്തിയ പ്രദേശങ്ങളിൽ വൈദ്യുതി ലൈനുകൾ അപകടകരമാം വിധം താഴ്ന്ന് നിൽക്കുന്നതും നിർമ്മാണത്തിന് ആവശ്യമായ തൊഴിലാളികൾ ഇല്ലാത്തതും പ്രവർത്തി വീണ്ടും മന്ദഗതിയിൽ ആക്കുകയായിരുന്നു. വേനൽ മഴ വന്നതോടെ റോഡ് ചെളി കുളമായി മാറി. വരക്കാട് കലുങ്ക് നിർമ്മാണത്തിനായി കുഴിയെടുത്തുവെങ്കിലും ഇതുവരെയും നിർമ്മാണം ആരംഭിച്ചില്ല. കാലവർഷം എത്തുന്നതിനുമുമ്പ് ഒരു ലെയർ എങ്കിലും ടാറിങ് നടത്തിയില്ലെങ്കിൽ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും ദുരിതത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു

പ്രവർത്തി പരിചയമില്ലാത്ത ഇതര സംസ്ഥാനത്തെ സ്വകാര്യ കമ്പനിയെയാണ് പ്രൊജക്റ്റുകൾ നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി കിഫ്ബി നിയോഗിച്ചത്. 

സൈറ്റിൽ ഉണ്ടാകുന്ന ഒരു പ്രശ്നത്തിൽ പോലും ഇവർ ഇടപെടുകയോ മുകളിലേക്ക് റിപ്പോർട്ട് ചെയ്യുകയോ ഇല്ല, ഇക്കാരണങ്ങൾ കൊണ്ട് ഭീമനടി ചിറ്റാരിക്കാൽ റോഡിൻ്റെ നിർമ്മാണം വീണ്ടും നീളാനാണ് സാധ്യത. കഴിഞ്ഞ ദിവസത്തെ തിരുവനന്തപുരം ഉന്നതതല യോഗത്തിനു ശേഷം ഏറെ പ്രതീക്ഷയോടെ ആയിരുന്നു നാട്ടുകാർ. എന്നാൽ മഴക്കാലത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നിർമ്മാണം ഇനിയും പകുതി പോലും ആയിട്ടില്ല. വൈദ്യുതി പോസ്റ്റുകൾ മാറ്റാൻ കെ.എസ് ഇ ബി യിൽ പണം കെട്ടി വച്ചിട്ടില്ല . ഭീമനടി സെക്ഷനിൽ മാത്രം 95 ലക്ഷം കെട്ടി വയ്ക്കണം. അതുപോലെ വാട്ടർ അതോറ്റിയിലും പണം അടച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇനി എപ്പോഴാണ് പൈപ്പ് താഴ്ത്തി റോഡ് പണി നടക്കുക എന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ്. മഴക്കാലമായാൽ  റോഡ് ചെളിക്കുളമാകും. ബസുകൾ എല്ലാം തന്നെ റൂട്ട് മാറ്റി ഓടാൻ തുടങ്ങിയത് നാട്ടുകാരെ വീണ്ടും ദുരിതത്തിലാക്കി. സ്കൂൾ കോളേജ് തുറക്കുമ്പോൾ ഈ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കിൽ വൻ പ്രതിഷേധം ഉയർന്നു വരുമെന്ന് നാട്ടുകാർ പറയുന്നു.




No comments