Breaking News

ബിജെപി പ്രവർത്തകനായ കോൺട്രാക്ടറുടെ മരണം; കർണാടക മന്ത്രി ഈശ്വരപ്പയ്ക്ക് എതിരെ കേസ്


ബെംഗളൂരു: അഴിമതി ആരോപണം ഉന്നയിച്ച ബിജെപി പ്രവര്‍ത്തകനായ കോണ്‍ട്രാക്ടര്‍ ലോഡ്ജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക മന്ത്രിക്ക് എതിരെ കേസ്. കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടീലിന്റെ മരണത്തിന് പിന്നില്‍ കര്‍ണാടയിലെ ഗ്രാമ വികസന, പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി ഈശ്വരപ്പയുള്‍പ്പെടെയുള്ളവരുടെ പങ്കാരോപിച്ച് സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രിക്ക് പുറമെ സഹായികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉഡുപ്പി പൊലീസിന്റേതാണ് നടപടി.

കോണ്‍ട്രാക്ടര്‍ സന്തോഷ് പാട്ടില്‍ അയച്ച സന്ദേശത്തില്‍ തന്റെ മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണ് എന്ന് പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് സന്തോഷ് പാട്ടീല്‍ ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. നാല് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിക്ക് മന്ത്രി 40 ശതമാനം കമ്മീഷന്‍ ചോദിച്ചു എന്നായിരുന്നു സന്തോഷ് പാട്ടീലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും സന്തോഷ് നല്‍കിയിരുന്നു. പിന്നാലെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.

എന്റെ മരണത്തിന് മന്ത്രി കെ എസ് ഈശ്വരപ്പ മാത്രമാണ് ഉത്തരവാദി. എന്റെ ആഗ്രഹങ്ങള്‍ മാറ്റിവെച്ചാണ് ഞാന്‍ ഈ തീരുമാനം എടുക്കുന്നത്. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും നമ്മുടെ പ്രിയപ്പെട്ട ലിംഗായത്ത് നേതാവ് ബിഎസ്വൈയോടും മറ്റെല്ലാവരോടും എന്റെ ഭാര്യയെയും കുട്ടികളെയും സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. എന്ന ആത്മഹത്യ കുറിപ്പും സന്തോഷിന്റെതായി കണ്ടെത്തിയിരുന്നു. എന്നാല്‍, ആരോപണം ഉന്നയിച്ച കോണ്‍ട്രാക്ടറെ അറിയില്ലെന്ന നിലപാട് ആയിരുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെ മന്ത്രി ഈശ്വരപ്പ സ്വീകരിച്ചത്. വിഷയത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യം അദ്ദേഹം തള്ളുകയും ചെയ്തു.

വിഷയത്തില്‍ അതിവേഗം അന്വേഷണം നടത്താന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പൊലീസിനോട് നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേസിന്റെ എല്ലാ വിവരങ്ങളും ശേഖരിച്ച മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു പ്രതികരിച്ചത്. ഈശ്വരപ്പയുടെ രാജിയുള്‍പ്പെടെയുള്ള വിഷയത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

No comments