Breaking News

ചുവന്ന് കണ്ണൂർ; പൊതുസമ്മേളന നഗരിയിൽ ഇന്ന് ചെങ്കൊടി ഉയരും കൊടിമര ജാഥ കയ്യൂരിൽ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു



സിപിഐഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിനെ വരവേല്‍ക്കാന്‍ ഒരുങ്ങി കണ്ണൂര്‍. പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ഒരു ദിവസം ബാക്കി നില്‍ക്കെ നാടാകെ ചെങ്കൊടികളും ചുവപ്പു തോരണങ്ങളും നിറഞ്ഞിട്ടുണ്ട്. പ്രവര്‍ത്തകരും പ്രതിനിധികളും ആവേശത്തിലാണ്. പൊതുസമ്മേളന നഗരിയില്‍ ഇന്ന് ചെങ്കൊടി ഉയരും. കൊടിമര ജാഥ കാസര്‍കോട് കയ്യൂരില്‍ നിന്ന് ഇന്നലെ ആരംഭിച്ചിരുന്നു. സിപിഐ എം കേന്ദ്രക്കമ്മിറ്റിയംഗവും മന്ത്രിയുമായ എം വി ഗോവിന്ദനാണ് ജാഥ ഉദ്ഘാടനം ചെയ്തത്. ജാഥാ ലീഡറും പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗമായ പി കെ ശ്രീമതിക്ക് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരന്‍ കൊടിമരം കൈമാറി. കെ പി സതീശ് ചന്ദ്രനാണ് ജാഥാ മാനേജര്‍



അംഗ ബലത്തിലും സംഘടനാ സംവിധാനത്തിലും രാജ്യത്ത് തന്നെ സിപിഐഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂര്‍ ഇതാദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാവുന്നത്. പാര്‍ട്ടി രൂപികൃതമായ പാറപ്രം സമ്മേളനം കഴിഞ്ഞ് എട്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് സിപിഐഎം ഇരുപത്തി മൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കണ്ണൂര്‍ വേദിയാകുന്നത് എന്ന സവിശേഷതയും സമ്മേളനത്തിനുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം ആയിരത്തോളം പേരാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പ്രതിനിധികളായി പങ്കെടുക്കുക.. ജില്ലയിലെ പാര്‍ട്ടിയുടെ ശക്തി വിളിച്ചറിയിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളാണ് പൂര്‍ത്തിയാകുന്നത്. കണ്ണൂരിന്റെ നാടും നഗരവും കൊടി തോരണങ്ങളാലും കട്ടൗട്ടുകളാലും നിറഞ്ഞിട്ടുണ്ട്..

ചരിത്രപ്രദര്‍ശനങ്ങളും മറ്റ് പരിപാടികളും കാണാന്‍ നഗരത്തില്‍ തിരക്കേറുകയാണ്. ഇതിനിടെ ഗുജറാത്ത് പ്രതിനിധിയുടെ വാദ്യമേളം വൈറലായി.പ്രതിനിധി സമ്മേളനത്തിനായി നായനാര്‍ അക്കാദമിയില്‍ നിര്‍മ്മിക്കുന്ന പന്തലിന്റെ ജോലികളും പൂര്‍ത്തിയായി. സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകളും അനുബന്ധ പരിപാടികളും ടൗണ്‍ സക്വയറിലാണ് നടക്കുന്നത്. ജവഹര്‍ സ്റ്റേഡിയത്തിലെ സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി 2000 റെഡ് വോളന്റിയര്‍മാര്‍ അണി നിരക്കുന്ന പരേഡും സംഘടിപ്പിച്ചിട്ടുണ്ട്.. ഇന്ന് വൈകുന്നേരത്തോടെ പൊതു സമ്മേളന നഗരിയായ എകെജി നഗറില്‍ കൊടിമരം സ്ഥാപിച്ച് ചെങ്കൊടി ഉയരും.

No comments