Breaking News

ഡീസൽ ക്ഷാമത്തിൽ വലഞ്ഞ് കാസർഗോഡ് ഡിപ്പോ; മംഗലാപുരം സർവീസുൾപ്പെടെ പല സർവീസുകളും മുടങ്ങും


കാസര്‍ഗോഡ്: കാസര്‍ഗോഡ് കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ ക്ഷാമം രൂക്ഷം. ഇന്ന് ഡീസല്‍ എത്തിയില്ലെങ്കില്‍ മംഗലാപുരം സര്‍വീസുകളുള്‍പ്പെടെ പല സര്‍വീസുകളും മുടങ്ങും. അറുപത്തിയാറ് സര്‍വീസുകളാണ് കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നും നടത്തുന്നത്. കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഇന്ന് സര്‍വീസ് നടത്താനുള്ള ഡീസല്‍ ശേഖരം മാത്രമാണ് ഉള്ളത്. ഡീസല്‍ വൈകീട്ടോടെ എത്തുമോ എന്നതില്‍ ഉറപ്പില്ല. കെഎസ്ആര്‍ടിസിക്ക് ഇന്ധനം വിതരണം ചെയ്യുന്ന എണ്ണക്കമ്പനികള്‍ കുത്തനെ വില കൂട്ടിയതിനെ തുടര്‍ന്നാണ് ക്ഷാമം രൂക്ഷമായത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ പെടുത്തിയാണ് എണ്ണവില വര്‍ദ്ധിപ്പിച്ചത്. ഇരുപത്തിയൊന്ന് രൂപ പത്ത് പൈസയാണ് ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ കൂട്ടിയത്. ഡീസല്‍ വില വര്‍ദ്ധനയ്‌ക്കെതിരെ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. വില വര്‍ദ്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന വാദവും ഉന്നയിച്ചിരുന്നു.

നേരത്തെ ഐഒസി ലിറ്ററിന് ഏഴ് രൂപ കൂട്ടിയിരുന്നു. ഡീസലിന് റീട്ടെയില്‍ വിലയില്‍ 27.88 രൂപ വീണ്ടും കൂട്ടി. ഇതോടെ എണ്‍പതുലക്ഷം രൂപയോളം നഷ്ടമാണ് പ്രതിദിനം കെഎസ്ആര്‍ടിസിക്കുണ്ടാകുന്നത്. ഇത് ചൂണ്ടിക്കാട്ടി കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ പോകാനായിരുന്നു ഉത്തരവ്. കെഎസ്ആര്‍ടിസിയുടെ വാര്‍ഷിക നഷ്ടം 2000 കോടി രൂപയാണ്. ഇടയ്ക്കിടെയുള്ള ഇന്ധന വില വർദ്ധനവ് കനത്ത പ്രഹരമാണ് പൊതുമേഖലാ സ്ഥാപനത്തിനുമേല്‍ ഏല്‍പ്പിക്കുന്നത്.

No comments