Breaking News

കാസർഗോഡ് വിദ്യാനഗറിലെ അധ്യാപകന്റെ മകൾ ഇന്ത്യ ബുക്ക്‌ റെകോർഡ്‌സിൽ ഇടം നേടി




കാസര്‍കോട്: ഡോളോ ഗുളികയ്ക്ക് പുറത്ത് ഒന്നര സെന്റീമീറ്റര്‍ വലുപ്പത്തില്‍ ഇന്ത്യയുടെ ഭൂപടം വരച്ച്‌ ശ്രദ്ധേയയായിരിക്കുകയാണ് നീലേശ്വരം ചേടീറോഡിലെ പി.വി ഭവ്യ എന്ന ഒന്‍പതാം ക്ലാസുകാരി.

പത്ത് മിനിട്ടിനുള്ളില്‍ തീര്‍ത്ത കൊച്ചു കലാരൂപത്തിന് ഇന്ത്യാ ബുക്ക് ഒഫ് റെക്കാര്‍ഡ്സ് പുരസ്കാരവും എത്തിയിരിക്കുകയാണ്. ലോക്ഡൗണിലെ വിരസത മാറ്റാനാണ് ഭവ്യ ബോട്ടില്‍ ആര്‍ട്ടില്‍ പരീക്ഷണം ആരംഭിച്ചത്. പിന്നീട് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഗുളികയ്ക്ക് പുറത്ത് ഭൂപടം തീര്‍ക്കാന്‍ ഭവ്യയെ പ്രേരിപ്പിച്ചത്.

കഴിഞ്ഞ ലോക് ഡൗണ്‍ കാലത്ത് 65ലധികം വ്യത്യസ്തമായ ബോട്ടില്‍ വിസ്മയമാണ് ഭവ്യ തീര്‍ത്തത്. നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തുടങ്ങി പ്രമുഖരുടെ പിറന്നാള്‍ ദിനത്തിലും ആശംസ നേര്‍ന്നു കൊണ്ട് രൂപങ്ങള്‍ ഉണ്ടാക്കിയിരുന്നു. കക്കാട്ട് ജി.എച്ച്‌.എസ്.എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഭവ്യ എട്ടുവര്‍ഷമായി ഭരതനാട്യ രംഗത്തും സജീവമാണ്.

പിറന്നാള്‍ കേക്ക് നിര്‍മ്മാണത്തിലും കൈയൊപ്പ് ചാര്‍ത്തിയ ഭവ്യക്ക് ഇന്ന് ചെറിയ വരുമാനവും ഇതിലൂടെ ലഭിക്കുന്നു. ബന്ധുക്കളുടെ ആഘോഷങ്ങള്‍ക്കാണ് രുചിക്കൂട്ട് ഒരുക്കുന്നത്. കാസര്‍കോട് വിദ്യാനഗര്‍ ഐ.ടി.ഐയിലെ അദ്ധ്യാപകനായ രാജീവന്റെയും അനിതയുടെയും മകളാണ് ഭവ്യ. കൗസ്തുബ് സഹോദരന്‍.

No comments