Breaking News

ഹരിഗോവിന്ദ വിളിയോടെ കാനനപാതകൾ താണ്ടി റാണിപുരം മാടത്തുമലയിൽ ഗിരിപൂജയ്ക്കായി ഭക്തരെത്തി


പനത്തടി : പെരുതടി മഹാദേവ ക്ഷേത്ര മഹോത്സവത്തിനോടനുബന്ധിച്ച് ഭക്തജനങ്ങളും മേൽശാന്തിയും കാട്ടിലൂടെ നടന്ന്  മാടത്തുമ്മലയിൽ എത്തിച്ചേർന്ന് പ്രകൃതി ദേവിയുടെ കനിവിനായി ഗിരി പൂജയും ശിവപാർവ്വതി പൂജയും നടത്തി. നിരവധി ഗോത്ര വിഭാഗ ആരാധനമൂർത്തികളും അനുബന്ധ ദേവസ്ഥാനങ്ങളും ഉൾക്കൊള്ളുന്ന മാടത്തുമ്മല കുടിയേറ്റ ജനത വന്നതോടെ റാണിപുരം എന്നാക്കി മാറ്റുകയായിരുന്നു. വടക്കേ മലബാറിലെ പ്രധാന പുലി ദേവ സങ്കൽപങ്ങളുടെയെല്ലാം ഉൽപത്തി മാടത്തുമ്മലയിലെ പാപനാർകല്ലിനോട് ചേർന്നാണ്. പാപനാർ കല്ലിനോട് ചേർന്നുള്ള ഗിരിമുകളിലെ ഗുഹയിലാണ് പുലി ദൈവങ്ങൾ ഉത്ഭവിച്ചതെന്നും ഈ വഴിയിലൂടെയാണ് പാർവ്വതീദേവി തലക്കാവേരിയിലേക്ക് പുറപ്പെട്ടത് എന്നുമാണ് ഐതീഹ്യം. ഈ ഗുഹയിലാണ് ശിവപാർവ്വതീ പൂജ നടത്തുന്നത്.പാറയിടുക്കിലൂടെ ഉറ്റി വരുന്ന ഗോവിന്ദ തീർത്ഥം അതിവിശിഷ്ടമായി കരുതുന്നു. ഗുഹയിലെ ശിവപാർവ്വതീ പൂജയ്ക്ക് ശേഷം പെരുതടി ക്ഷേത്രത്തിലെ മേൽശാന്തിയും ഭക്തജനങ്ങളും മലയ്ക്ക് മുകളിലെത്തി പ്രകൃതി ദേവിയുടെ കനിവിനായി ഗിരി പൂജയും നടത്തി വനത്തിലൂടെ ക്ഷേത്രത്തിലേക്കെത്തിച്ചേരും.ഗിരി പൂജയ്ക്ക് ശേഷം മഴ പെയ്യുമെന്ന വിശ്വാസം ഇത് വരെയും തെറ്റിയിട്ടില്ല എന്നാണ് ഭക്തരുടെ വാദം. പാണത്തൂർ മഞ്ഞടുക്കം കോവിലകം തുളൂർവ്വനത്ത് ഭഗവതീ ക്ഷേത്രം, കിഴക്കുംകര ഇളേടത്ത് കുതിരി പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം, അടോട്ട് മൂത്തേടത്ത് കുതിരി പഴയ സ്ഥാനം പാടാർക്കുളങ്ങര ഭഗവതീ ദേവസ്ഥാനം, കുറ്റിക്കോൽ തമ്പുരാട്ടിയമ്മ ദേവസ്ഥാനം ,ഉപ്പള ഐവർ ദേവസ്ഥാനം, പുലിക്കുന്ന് ഐവർ ദേവസ്ഥാനം തുടങ്ങിയ പ്രധാന പുലിദേവ സങ്കൽപങ്ങളുള്ള ക്ഷേത്ര സ്ഥാനികരും ഭക്തജനങ്ങളും ഗിരി പൂജയ്ക്കായി എത്തിച്ചേരുന്നു. അഞ്ച് കിലോമീറ്ററിലധികം ഹരിഗോവിന്ദാ വിളികളോടെ നിബിഢവനത്തിലുടെ കാൽനടയായാണ് ഗിരി പൂജയ്ക്കായ് ഭക്തജനങ്ങൾ എത്തിച്ചേരുന്നത്.

No comments