Breaking News

അകാരണമായി ജോലിയിൽ നിന്നും പിരിച്ചുവിട്ടു; ചിറ്റാരിക്കാൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിക്ക് മുന്നിൽ സകുടുംബം കുത്തിയിരുന്ന് പ്രതിഷേധിച്ച് ലാറ്റക്സ് ഫാക്ടറി കരാർ ജീവനക്കാരൻ


ചിറ്റാരിക്കാൽ: ലാറ്റക്സ് ഫാക്ടറിയിൽ നിന്നും റബ്ബർ ക്രീപ്പ് ലോഡ് കയറ്റി അയക്കുന്നതിൽ കൃത്രിമം കാണിച്ചത് ബോർഡ് ഭാരവാഹികൾക്ക് മുന്നിൽ ചൂണ്ടിക്കാണിച്ചതിൻ്റെ പേരിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി പരാതി. ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ചിറ്റാരിക്കാൽ ശാഖയുടെ കീഴിലുള്ള മാങ്ങോട് ലാറ്റക്സ് ഫാക്ടറിയിലെ താൽക്കാലിക കരാർ ജീവനക്കാരനായ പെരിയങ്ങാനം സ്വദേശി ജോൺസനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. കൂടാതെ നാൽപ്പതിനായിരം രൂപ ജോലി ചെയ്ത കുടിശിഖ കിട്ടാനുണ്ടെന്നും പറയുന്നു.  ഇതു സംബന്ധിച്ച് കാസർകോട് ലേബർ ഓഫീസർക്കും ജോയിൻ്റ് രജിസ്ട്രാർക്കും ജോൺസൻ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല, ഇതിനെ തുടർന്ന് ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന ജോൺസൻ്റെ കുടുംബം റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ചിറ്റാരിക്കാൽ ശാഖക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പതിനഞ്ചു വർഷമായി ഇവിടെ തൊഴിലെടുത്ത് ജീവിക്കുന്ന ആളാണ് ജോൺസൻ. ഇതിനിടെ സൊസൈറ്റി ഭാരവാഹികൾ അനുനയത്തിനായി വിളിപ്പിച്ച് ബാക്കിയുള്ള കുടിശിഖ തരാമെന്ന് പറഞ്ഞെങ്കിലും തൻ്റെ മൂന്ന് പെൺകുട്ടികൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായ ജോലിയിലേക്ക് തിരിരെ കയറ്റാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ജോൺസൺ.


എന്നാൽ ജോൺസൻ തങ്ങളുടെ ജീവനക്കാരൻ അല്ലെന്ന് ചിറ്റാരിക്കാൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് ജിസൺ ജോർജ് വിശദീകരിച്ചു. റബ്ബർ പ്രൊസസിംഗ് ജോലികൾ ചെയ്യാൻ കുറഞ്ഞ തുകയ്ക്ക് ഓരോ വർഷവും കരാർ കൊടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ കുറഞ്ഞ തുകയ്ക്ക് ജോലി ഏറ്റെടുക്കാൻ വന്ന ഇതര സംസ്ഥാന തൊഴിലാളികളെ കരാർ ഏൽപ്പിക്കുകയുമാണ് ഉണ്ടായതെന്ന് പ്രസിഡണ്ട് മലയോരംഫ്ലാഷിനോട് പറഞ്ഞു.

No comments