Breaking News

അച്ചാറു മുതൽ ഒഴിച്ചുകറിവരെ; രുചിയേറും വിഭവങ്ങളുമായി 'ചപ്പലെ' ഇലക്കറി ഫെസ്റ്റ്


നാട്ടിന്‍പുറങ്ങളില്‍ സുലഭമായ ഇലകള്‍ ഉപയോഗിച്ച് അച്ചാര്‍മുതല്‍ ഒഴിച്ചുകറിവരെയൊരുക്കി ചെമ്മനാട് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച ചപ്പലെ ഇലക്കറി ഫെസ്റ്റ് വേറിട്ടതായി. 120 ഓളം കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി അഞ്ഞൂറോളം വനിതകള്‍ ഫെസ്റ്റിന്റെ ഭാഗമായി. മാവില, പ്ലാവില, പുളിയില, പാഷന്‍ഫ്രൂട്ട് ഇല, കോവക്കയില, കാന്താരിയില, പയറില, കറിവേപ്പില, മത്തനില, തകര, പയറില, ചീര, മുരിങ്ങയില തുടങ്ങി നൂറോളം പച്ചിലകളില്‍ നിന്നായി മുന്നൂറോളം വിഭവങ്ങളാണ് ഫെസ്റ്റില്‍ നിറഞ്ഞത്.


പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മുംതാസ് അബൂബക്കര്‍ അധ്യക്ഷയായി. എ.ഡി.എം.സി സി.എച്ച്. ഇഖ്ബാല്‍ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ആയിഷ അബൂബക്കര്‍, രമ ഗംഗാധരന്‍, ഷംസുദ്ദീന്‍ തെക്കില്‍ ജനപ്രതിനിധികളായ രാജന്‍ കെ പൊയ്നാച്ചി, സുജാത രാമകൃഷ്ണന്‍, വീണാറാണി, ശങ്കര, രേണുകാ ഭാസ്‌ക്കരന്‍, മൈമുന, സെക്രട്ടറി എം.സുരേന്ദ്രന്‍, എം.കെ.പ്രദീഷ് , സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ അനീസ പാലോത്ത്, പ്രീയ വിശ്വം, ജിജി സതീഷ് , എം.അനില, സാന്ദ്ര തുടങ്ങിയവര്‍ സംസാരിച്ചു. സി.ഡി.എസ് മെമ്പര്‍മ്മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഫെസ്റ്റില്‍ പങ്കെടുത്ത് 23 തരം വിഭവങ്ങള്‍ ഒരുക്കിയ പന്ത്രണ്ടാം വാര്‍ഡിലെ ശ്രീലക്ഷ്മി കുടുംബശ്രീ ഒന്നാം സ്ഥാനവും 17 തരം ഇലക്കറികള്‍ ഒരുക്കിയ ഒന്നാം വാര്‍ഡിലെ അല്‍ അമീന്‍ കുടുംബശ്രീ രണ്ടാം സ്ഥാനവും പതിനഞ്ച് തരം ഇലക്കറികള്‍ തയ്യാറാക്കി ഒന്‍പതാം വാര്‍ഡിലെ  സ്വാതി ബി, എട്ടാം വാര്‍ഡിലെ റോസ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ മൂന്നാം സ്ഥാനവും നേടി.

ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച മൈക്രോ ഗ്രീന്‍ മത്സരത്തില്‍ 12ാം വാര്‍ഡിലെ സുവര്‍ണ കുടുംബശ്രീ, അഞ്ചാം വാര്‍ഡിലെ തനിമ കുടുംബശ്രീ, ഒന്നാം വാര്‍ഡിലെ അല്‍ഫല കുടുംബശ്രീ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പഞ്ചായത്ത് പരിധിയില്‍ സി.ഡി.എസിന് കീഴിലുള്ള അഞ്ഞൂറിലധികം കുടുംബശ്രീ യൂണിറ്റുകളെ ഊര്‍ജ്ജസ്വലമാക്കുന്നതിനായി ഓരോ മാസവും വ്യത്യസ്തങ്ങളായ പരിപാടികളാണ് ചെമ്മനാട് സി.ഡി.എസ് നടത്തിവരുന്നത്. കഴിഞ്ഞ മാസം ചക്ക ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നുവെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ പറഞ്ഞു.

No comments