Breaking News

'2000 മോഡൽ ചേതക്കിൽ ഇന്ത്യ മുതൽ യുഎഇ വരെ'; കാസർഗോഡുകാരുടെ യാത്ര ശ്രദ്ധേയം


അബുദാബി: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് 22 വർഷം പഴക്കമുള്ള സ്കൂട്ടറിൽ യാത്ര ചെയ്ത് മലയാളി സുഹ‍ൃത്തുക്കൾ. കാസർ​ഗോഡ് സ്വദേശികളും ബാല്യകാല സുഹൃത്തുക്കളുമായ ഇബ്രാഹിം ബിലാൽ, മുഹമ്മദ് അഫ്സൽ ഹഖ് എന്നിവരാണ് ഇരുചക്ര വാഹനത്തിൽ യുഎഇയിലേക്ക് യാത്ര ആരംഭിച്ചത്. ലോകം ചുറ്റാൻ സാഹസിക ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി 2000 മോഡൽ ബജാജ് ചേതക് സ്കൂട്ടറാണ് 'എബി ടെക് വൈബ്' എന്നറിയപ്പെടുന്ന വ്ലോ​ഗർമാരായ സുഹൃത്തുക്കൾ തെരഞ്ഞെടുത്തത്. ഇന്ത്യയിലുടനീളം പതിനൊന്ന് സംസ്ഥാനങ്ങളും താണ്ടി മൂന്നര മാസത്തിനു ശേഷമാണ് ഇവർ യുഎഇയിൽ എത്തിയത്.

എമിറേറ്റ്സായിരുന്നു ജിസിസി പര്യടനത്തിലെ ആദ്യ ലക്ഷ്യസ്ഥാനമെന്ന് ബിലാൽ ഖലീജ് ടൈംസിനോട് പറഞ്ഞു. തങ്ങളുടെ പ്രായത്തോളം പഴക്കമുള്ള സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അദ്ദേഹം പറ‍ഞ്ഞു. അപൂർവമായ എന്തെങ്കിലും ചെയ്യാനാണ് ആ​ഗ്രഹിച്ചതെന്നും ബിലാൽ വ്യക്തമാക്കി. യാത്രക്ക് പദ്ധതിയിട്ടപ്പോൾ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻ വഴി പോകാനുള്ള അനുമതി ലഭിച്ചില്ല. അതുകൊണ്ട് അഖിലേന്ത്യാ യാത്ര പൂർത്തിയാക്കിയ ശേഷം ചേതക്കിനെ മുംബൈയിൽ നിന്ന് ദുബായിലേക്ക് അയക്കുകയായിരുന്നു.

ഇരുവരും അന്താരാഷ്‌ട്ര ലൈസൻസും ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പെർമിറ്റുകളും നേടിയിരുന്നു. രാവിലെയുള്ള ഉയർന്ന താപനില കണക്കിലെടുത്ത് അതിരാവിലെയും വൈകുന്നേരം നാല് മണിക്ക് ശേഷവും മാത്രമായിരുന്നു ഇവരുടെ യാത്ര. "ഞങ്ങളുടെ പിതാക്കന്മാർ ഇവിടെ ജോലി ചെയ്യുന്നു, യുഎഇയിലെ ഇന്ത്യൻ പ്രവാസി ജനസംഖ്യയുടെ വലുപ്പം കണക്കിലെടുത്തപ്പോൾ, ഞങ്ങളുടെ അന്താരാഷ്ട്ര യാത്ര ആരംഭിക്കുന്നതിനുള്ള ഏറ്റവും വ്യക്തമായ ഓപ്ഷനായി ഇത് മാറി," എന്ന് അഫ്സൽ പറഞ്ഞു. സ്കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണെങ്കിലും മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേ​ഗതയിൽ സഞ്ചരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇക്ക് ശേഷം ഒമാൻ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ജോർദാൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാണ് പ്രതീക്ഷിക്കുന്നതെന്നും ജോർദാനിൽ നിന്ന് സ്‌കൂട്ടർ കൊച്ചിയിലേക്ക് തിരികെയെത്തിക്കുമെന്നും ഇവർ അറിയിച്ചു.

ബജാജ് ഓട്ടോ കമ്പനി 1972-ൽ നിർമിച്ച ഇന്ത്യൻ നിർമ്മിത മോട്ടോർ സ്കൂട്ടറാണ് ബജാജ് ചേതക്. 2006 ൽ നിർമ്മാണം നിർത്തിയ ഇതിന്റെ 2000 മോഡൽ വാഹനം ബിലാലും അഫ്സലും സ്വന്തമാക്കുന്നത് കർണാടകയിൽ നിന്നാണ്. കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റിയ സ്കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോറേജ് കംപാർട്ട്മെന്റിൽ ഒരു കൂടാരവും, ചെറിയ സ്റ്റൗവും ദീർഘദൂര യാത്രകൾക്ക് ആവശ്യമായ മറ്റ് സാധനങ്ങളും ഇവർ ഒരുക്കിയിരുന്നു.

No comments