Breaking News

അക്ഷരമുറ്റത്തിന് മാമ്പഴക്കാലം; കാസർഗോഡ് സുഗതകുമാരി നട്ടുവളർത്തിയ മാവ് മുറിച്ചുമാറ്റാതെ പുതുമണ്ണിലേക്ക്…




മലയാളത്തിന്റെ അനുഗ്രഹീത കവയിത്രി സുഗത കുമാരി നട്ടുവളർത്തിയ നാട്ടുമാവ് പുതിയ മണ്ണിലേക്ക് മാറ്റിനടുന്നു. കാസര്‍കോട് അടുക്കത്ത് ബയല്‍ സ്‌കൂളിലേക്കാണ് പറിച്ചു നടുന്നത്. അക്ഷരത്തിന്റെ മുറ്റത്ത് ഇനി മധുരമൂറും മാമ്പഴക്കാലത്തിന്റെ നറുമണം കൂടി. നാട്ടുമാവ് ബുധനാഴ്ച മുതല്‍ ആ അക്ഷരമുറ്റത്ത് വേരാഴ്ന്ന്‌ തളിരിട്ടു തുടങ്ങും. 2006 ഡിസംബര്‍ മൂന്നിന് ജില്ലാ പഞ്ചായത്തും എന്‍മകജെ പഞ്ചായത്തും എന്‍ഡോസള്‍ഫാനും ആരോഗ്യപ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സുഗതകുമാരി നാട്ടുമാവ് നട്ടത്. ദേശീയപാതാ വികസനത്തില്‍ മഴുവിലൊടുങ്ങുമായിരുന്ന മധുരമാവ് വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് മാറ്റി നടുന്നത്.

പയസ്വിനി എന്നാണ് ഈ മാവിന് കവയിത്രി നൽകിയ പേര്. പെര്‍ള നളന്ദ കോളേജിലെ പരിപാടിക്കുശേഷം കാസര്‍കോട് നഗരത്തിലെത്തിയ സുഗതകുമാരി കാസര്‍കോട് പീപ്പിള്‍സ് ഫോറം നടത്തിയ തണല്‍മര സംരക്ഷണ സന്ദേശ കൂട്ടായ്മയില്‍ പങ്കെടുത്തതിന് ശേഷം കാസര്‍കോടിനോടുള്ള ഇഷ്ടം ഓർമപെടുത്താൻ പുതിയ ബസ്സ്റ്റാന്‍ഡിലെ ഒപ്പുമരച്ചുവട്ടിന് സമീപം നേരത്തേ ഒരുക്കിയ കുഴിയിലേക്ക് മാവിന്‍തൈ നടുകയായിരുന്നു. മാവിൻ തൈ നട്ടശേഷം മരത്തിന് സ്തുതിയെന്ന കവിതയും ചൊല്ലിക്കൊടുത്താൻ കവയിത്രി അന്ന് മടങ്ങിയത്. അതുകൊണ്ട് തന്നെ കാസർകോടുകാർക്ക് വളരെ പ്രിയപ്പെട്ടത് തന്നെയാണ് ഈ വൃക്ഷം.

ചൊവ്വാഴ്ച രാവിലെയാണ് മാവിൻ ചുവട്ടിലെ മണ്ണ് നീക്കിത്തുടങ്ങിയത്. തായ്‌വേരുകള്‍ക്ക് പോറലേല്‍ക്കാതിരിക്കാന്‍ ചുവട്ടില്‍നിന്ന് ഒന്നരമീറ്റര്‍ മാറിയാണ് മണ്ണെടുത്തത്. മരം ലോറിയിലേക്ക് മാറ്റുമ്പോള്‍ വേരിനോട് ചേര്‍ന്നിരിക്കുന്ന മണ്ണ് ഇളകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചാണ് ചെയ്യുന്നത്. ബുധനാഴ്ച രാവിലെയാണ് ‘പയസ്വിനി’യുടെ മാറ്റിനടല്‍ പ്രവൃത്തി ആരംഭിക്കുക. വലിയ ശിഖരങ്ങള്‍ മുറിച്ച് ക്രെയിന്‍ ഉപയോഗിച്ച് മരം ലോറിയിലേക്ക് മാറ്റും. പിന്നീട്‌ മരം സ്‌കൂളിലേക്ക് മാറ്റിനടും. ഈ സമയം റോഡില്‍ വാഹന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.

No comments