Breaking News

ചൈത്രവാഹിനി പുഴയും കാര്യങ്കോട് പുഴയും കരകവിഞ്ഞൊഴുകുന്നു, പലയിടത്തും വെള്ളം കയറി, ചിലയിടത്ത് ഉരുൾപൊട്ടൽ ഭീഷണി


നീലേശ്വരം : മഴ കനത്തതോടെ കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകി. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

പാലായി, നീലായി, കിനാനൂർ, പാറക്കോൽ, അണ്ടോൾ, വേളൂർ, പുലിയന്നൂർ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കീഴ്മാലയിൽ ഒന്നാംവിള കൃഷി ആരംഭിച്ചിരിക്കുകയായിരുന്നു.

വയലിൽ പണിക്കെത്തിയവർ വെള്ളക്കെട്ട് കാരണം മടങ്ങിപ്പോയി. പുഴയിലേക്കുള്ള തോടുകളും കരകവിഞ്ഞൊഴുകുകയാണ്.

ചെറുപുഴ പഞ്ചായത്തിലെ മരുതുംതട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ആണു കൃഷിനാശം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഇന്നലെ രാവിലെയാണു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ ശക്തമായ ജലപ്രവാഹത്തിൽ മണ്ണും കല്ലും താഴേക്കു കുത്തിയൊലിച്ചു. എന്നാൽ, സമീപത്തുകൂടി ഒഴുകുന്ന നീർചാലിലൂടെ തന്നെ വെള്ളം ഒഴുകിയതിനാൽ വൻദുരന്തം ഒഴിവായിശക്തമായ ഒഴുക്കിൽ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ നശിക്കുകയായിരുന്നു. കാട്ടുമരങ്ങൾ കടപുഴകി ഒലിച്ചുപോയ നിലയിലാണ്. കാനക്കാട്ട് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഇതിനു താഴെയുള്ള തേക്കിൻകാട്ടിൽ ബേബി, പൂച്ചാലിൽ രാജു, പൂച്ചാലിൽ ബേബി എന്നിവരുടെ കൃഷികളാണ് നശിച്ചത്. ശക്തമായ ഒഴുക്കിൽ ഇവരുടെ കൃഷിഭൂമിയും നശിച്ചു. കനത്ത മഴയാണു പ്രദേശത്ത് ഉണ്ടായതെന്നു നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10.30ന് ആരംഭിച്ച മഴ ശനിയാഴ്ച രാവിലെയാണു ശമിച്ചത്. 2020ലും സമീപത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.






No comments