Breaking News

കാഞ്ഞങ്ങാട് ഇനി അഞ്ച് നാൾ നാടക ലഹരിയിൽ സോളോ തീയ്യറ്റർ ഫെസ്റ്റിന് ഇന്ന് കിഴക്കുംകര ചൈതന്യയിൽ തുടക്കം


കാഞ്ഞങ്ങാട്: കേരള സംഗീതനാടക അക്കാദമി കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന് വെള്ളിയാഴ്‌ച തുടക്കം. കാഞ്ഞങ്ങാട് കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയത്തിലെ വിദ്വാൻ പി വേദിയിലാണ്‌ നാടകോത്സവം. സംസ്ഥാനത്ത്‌ 10 കേന്ദ്രങ്ങളിലായി അക്കാദമി സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവത്തിന്റെ രണ്ടാമത്തെ വേദിയാണ് കാഞ്ഞങ്ങാട്.  12ന് സമാപിക്കും. 

ഒരുദിവസം രണ്ട് നാടകങ്ങളായി അഞ്ച് ദിനങ്ങളിലായി 10 നാടകങ്ങൾ അരങ്ങിലെത്തും. തിയറ്റർ ഗ്രൂപ്പ് കാഞ്ഞങ്ങാടിന്റെ  സഹകരണത്തോടെയുള്ള നാടകോത്സവം വെള്ളി വൈകിട്ട് 5.30 ന് സിനിമാ സംവിധായകനും നടനുമായ  പ്രകാശ് ബാരെ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷനാകും.  

ഒമ്പതിന്‌ വൈകിട്ട്‌ 6.30ന്‌  വിദ്വാൻ പി കേളുനായർ ചരിത്രവും അരങ്ങും  സെമിനാറിൽ സാഹിത്യഅക്കാദമിയംഗം ഇ പി രാജഗോപാലൻ  വിഷയം അവതരിപ്പിക്കും.  തുടർന്ന്‌ രാജീവ്‌ഗോപാലന്റെ സംഗീത പരിപാടി. 10ന്‌ വൈകിട്ട ആറിന്‌ കുട്ടമത്ത്‌ കവിതയിലെ നാടകം നാടകത്തിലെ കവിത’ വിഷയം മണികണ്‌ഠദാസ്‌ അവതരിപ്പിക്കും. അമൽ നിഹാലിന്റെ സംഗീതപരിപാടി.  11ന്‌ രസികശിരോമണി അനുസ്‌മരണത്തിൽ പി വികെ പനയാൽ പ്രഭാഷണം നടത്തും. ശ്രീരാഗ്‌ രാധാകൃഷ്‌ണന്റെ സംഗീതം.  

12ന്‌ വൈകിട്ട്‌ 5.-30ന്‌ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി  ഉദ്‌ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ സബീഷ്‌, ജനറൽ കൺവീനർ സി പി ശുഭ, സി നാരായണൻ, എം വി രാഘവൻ, കെ മീന, കെ മോഹനൻ എന്നിവർ പങ്കെടുത്തു. 

ഡോ. വികടനും ഉടലും ഇന്ന് അരങ്ങിൽ

ഏകപാത്ര നാടകോത്സവത്തിൽ ഇന്ന്  വൈകിട്ട് 6.30ന് വിനു ജോസഫ് അവതരിപ്പിക്കുന്ന ഡോ. വികടനും വൈകിട്ട് 7.30ന് ദിലീപ് ചിലങ്കയുടെ ഉടലും അരങ്ങിലെത്തും. നാടകോത്സവ വേദിയുടെ സമീപത്ത് നബിൻ ഒടയഞ്ചാലിൻ്റെ ഫോട്ടോഗ്രാഫി പ്രദർശനവും നടക്കുന്നുണ്ട്.

No comments