Breaking News

വെസ്റ്റ്എളേരി കുന്നുംകൈയിൽ ഓവുചാലിന്റെ സ്ലാബ് മൂടാത്തത് അപകടക്കെണിയാകുന്നു


ഭീമനടി: വെള്ളക്കെട്ട് നിറഞ്ഞതിനാൽ ആഴ്ചകൾക്കു മുമ്പ്  മാറ്റിയ  ഓവുചാലിന്റെ സ്ലാബ് മൂടാത്തതിനാൽ ഇവിടെ അപകടക്കെണിയാകുന്നു. കുന്നുംകൈ കോളിയാട് പോസ്റ്റ് ഓഫീസിന്റെ മുമ്പിലാണ് അപകടം പതിയിരിക്കുന്നത്. സ്ലാബിന്റെ  മുകളിൽ  സ്വകാര്യ വ്യക്തി ഇന്റർലോക്ക് പതിച്ചതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നാണ് സ്ലാബ് മാറ്റിയത്. മഴയ്ക്ക് മുമ്പ് ഓവുചാലിലെ സ്ലാബിന്റെ  മുകളിലായി സമീപത്തെ കെട്ടിട ഉടമ ഇന്റർലോക്ക് പാകിയതിനാലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇന്റർലോക്കിന്റെയും റോഡിന്റെയും ഇടയിൽ ഇരുപത് മീറ്ററോളം  വലിയ കുഴി രൂപപ്പെട്ടതിനെ തുടർന്ന് അപകടം സംഭവിച്ച സമയത്ത് പൊതുമരാമത്ത് വകുപ്പിന് നാട്ടുകാർ പരാതി നൽകിയപ്പോൾ റോഡ് നാഷണൽ ഹൈവേയുടെ ഭാഗമാണന്നാണ്  പൊതുമരാമത്ത് പറഞ്ഞത്. ഇതനുസരിച്ചു നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ടപ്പോൾ റോഡ് പൊതുമരാമത്തിനു നേരെത്തെ കൈമാറിയതാണെന്നും അവരാണ് നടപടി സ്വീകരിക്കേണ്ടതെന്നും പറഞ്ഞു അവരും കൈമലർത്തി. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഓവുചാലിൽ നിന്ന് വെള്ളം പോകാതെ വന്നപ്പോഴാണ് പൊതുമരാമത്ത് കണ്ണ് തുറന്നത്. സ്വകാര്യ വ്യക്തി സ്ഥാപിച്ച ഇന്റർലോക്ക് പൊതുമരാമത്ത് വകയിൽ പൊളിച്ചുമാറ്റി ഓവുചാലിൽ നിന്ന് മണ്ണ് നീക്കം ചെയ്തുവെങ്കിലും സ്ലാബ്  മൂടാത്തതിനാലും മണ്ണും ചെളിയും മാറ്റാത്തതിനാലും പോസ്റ്റ് ഓഫീസ്, എ ടി എം കൗണ്ടർ എന്നിവിടങ്ങളിലേക്ക് പൊതുജനങ്ങൾക്ക് കടന്നു ചെല്ലാൻ സാധിക്കാതെ വന്നിരിക്കുകയാണ്. സ്വകാര്യ വ്യക്തി വരുത്തിവെച്ച അപകടക്കുഴി അദ്ദേഹത്തിന്റെ ചെലവിൽ തന്നെ പുനഃസ്ഥാപിക്കാൻ നിർദേശിക്കാതെ പൊതുമരാമത്തിന്റെ ചെലവിൽ മാറ്റുന്നതിനെതിരെ നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

No comments