Breaking News

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു 2004ൽ പുറത്തിറങ്ങിയ 'കാഴ്ച' എന്ന സിനിമയിലൂടെയാണ് ​ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്


കൊച്ചി: സിനിമ- സീരിയൽ നടൻ നെടുമ്പ്രം ഗോപി (85) അന്തരിച്ചു. തിരുവല്ലയിൽ വച്ചായിരുന്നു അന്ത്യം. ബ്ലെസി സംവിധാനം ചെയ്ത് 2004ൽ പുറത്തിറങ്ങിയ 'കാഴ്ച' എന്ന സിനിമയിലൂടെയാണ് ​ഗോപി സിനിമയിൽ ശ്രദ്ധേയനാകുന്നത്. 'ശീലാബതി', 'അശ്വാരൂഡൻ', 'പകർന്നാട്ടം', 'കാളവർക്കി', 'ആനച്ചന്തം', 'തനിയെ', 'ആനന്ദഭൈരവി', 'ഉത്സാഹ കമ്മിറ്റി', 'ആലിഫ്' എന്നിങ്ങനെ നിരവധി മലയാള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. നിരവധി സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാ​ര്യ. റിട്ടയേർഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനിൽ ജി നാഥ്, സുനിത, സുബിത എന്നിവർ മക്കളാണ്.തിരുവല്ല അമ്പലത്തിലെ ഉത്സവത്തിനു ജാസി ഗിഫ്റ്റിന്റെ ഗാനമേള ബുക്ക് ചെയ്യാൻ സംവിധായകൻ ബ്ലെസിയുടെ സഹായം അഭ്യർത്ഥിച്ച് എത്തിയ ഗോപിയുടെ നാട്ടുകാരിൽ നിന്നാണ് നെടുമ്പ്രം ഗോപിക്ക് സിനിമയിലേക്ക് അവസരമൊരുക്കുന്നത്.

സ്കൂളിൽ പഠിക്കുമ്പോഴും കെ എസ് ഇബിയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴും നടന്ന കലാമേളകളിൽ പങ്കെടുത്ത പരിചയവും, രണ്ട് പ്രാവശ്യം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ആത്മവിശ്വാസവുമാണ് ഗോപിയ്ക്ക് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള കാരണമായത്. ബ്ലെസ്സി സംവിധാനം ചെയ്ത കാഴ്ച്ച എന്ന സിനിമയിൽ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിച്ചുകൊണ്ടാണ് നെടുമ്പ്രം ഗോപി തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്.

No comments