Breaking News

'മലയോരത്തെ റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം': വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി


വെള്ളരിക്കുണ്ട്:  റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള ഇടപെടലുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഭീമനടി ചിറ്റാരിക്കാല്‍ റോഡ് ഒരാഴ്ച്ചയ്ക്കകം താത്കാലിക സംവിധാനമുപയോഗിച്ച് ഗതാഗത യോഗ്യമാക്കുമെന്ന് കെ ആര്‍ എഫ് ബി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. വെള്ളരിക്കുണ്ട് ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ടൗണ്‍ വികസന സമിതി വിളിച്ചു ചേര്‍ക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ചൈത്രവാഹിനി പുഴയിലെ കയ്യേറ്റം പരിശോധിക്കാന്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ സര്‍വേ ടീമിനെ നിയോഗിക്കാന്‍ തീരുമാനമായി. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള അനുബന്ധ സൗകര്യങ്ങള്‍ എത്രയും വേഗം അനുവദിക്കണം. തോളേനി ക്ഷേത്രത്തിനു സമീപത്തും വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്‌കൂള്‍ പരിസരത്തും സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണം. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ റോഡരികില്‍ പൊതുജനത്തിനു ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ക്രമീകരണം നടത്തണം. വെള്ളരിക്കുണ്ട് ടൗണില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. യോഗത്തില്‍ കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന്‍, തഹസില്‍ദാര്‍ പി.വി. മുരളി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.പി. ബാബു, ടി.പി. തമ്പാന്‍, പി.വി. രവി, പ്രിന്‍സ് ജോസഫ്, ബിജു തുളിശേരി, പി.ടി. നന്ദകുമാര്‍, ബെന്നി നാഗമറ്റം, ബാബു ജോസഫ്, ആന്റെക്‌സ് ജോസഫ്, രാഘവന്‍ കൂലേരി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments