Breaking News

ഓണം ഗംഭീരമാക്കാൻ കുടുംബശ്രീയുടെ 46 ഓണ ചന്തകൾ പരപ്പ , കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂർ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ജില്ലാതല ചന്തകൾ ഒരുക്കുന്നത്


ഓണം സമൃദ്ധമാക്കാന്‍ കുടുംബശ്രീയും തയ്യാറെടുക്കുന്നു. ഓണ വിപണിയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഓണ ചന്തകളുമായി കുടുംബശ്രീ പ്രവര്‍ത്തകരുമുണ്ടാകും. ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയിലേക്കുള്ള സാധനങ്ങള്‍ ഒരുക്കുന്ന തിരക്കുകളിലാണ് ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍. സെപ്റ്റംംബര്‍ നാല് മുതല്‍ ഏഴ് വരെയാണ് കുടുംബശ്രീയുടെ ഓണ ചന്തകള്‍ തുറക്കുന്നത്.

സിഡിഎസുകള്‍ കേന്ദ്രീകരിച്ച് 42 ഓണചന്തകള്‍ പ്രവര്‍ത്തിക്കും. ഇത് കൂടാതെ നാല് ജില്ലാതല ചന്തകളുമുണ്ടാകും. കാഞ്ഞങ്ങാട്, മുള്ളേരിയ, ചെറുവത്തൂര്‍, പരപ്പ എന്നിവിടങ്ങളിലാണ് കുടുംബശ്രീ ജില്ലാതല ചന്തകള്‍ ഒരുക്കുന്നത്.  അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങളുടെ ഇടയില്‍ സംരഭകത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഓരോ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ഒരു ഉല്‍പ്പന്നം ഇതുവഴി വിപണിയിലെത്തിക്കും. കുടുംബശ്രീ അംഗങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യത കൂടി മനസിലാക്കുന്നതിനായാണ് ഓണ ചന്തകള്‍ തുറക്കുന്നത്.

കുടുംബശ്രീയുടെ ബ്രാന്‍ഡഡ് അരി, കുടുംബശ്രീ സംഘങ്ങള്‍ കൃഷി ചെയ്‌തെടുത്ത വിഷരഹിതമായ പച്ചക്കറികള്‍, അച്ചാറുകള്‍, പലതരം ചിപ്‌സുകള്‍, സ്‌ക്വാഷ്, ജാം, ശര്‍ക്കര വരട്ടി, കൊണ്ടാട്ടം എന്നിവയുടെ വിപണനവും ഉണ്ടാകും. നാടന്‍ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനോടപ്പം ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുക എന്നതാണ് കുടുംബശ്രീയുടെ ഓണചന്തകള്‍ ലക്ഷ്യം വയ്ക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ നടത്തുന്ന മാസചന്തയുടെ കുറേക്കൂടി വിപുലമായ രൂപത്തിലാണ് ഓണചന്ത ഒരുക്കുക.  ഓണവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ഒപ്പം തന്നെ വീട്ടുപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവയും ചന്തകളില്‍ ലഭിക്കും.

No comments